പയസ് തോമസിന് ബെസ്റ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ അവാര്‍ഡ്
Monday, October 20, 2014 7:13 AM IST
ബാംഗളൂര്‍: ബിസിനസ് ടുഡേ-യെസ് ബാങ്ക് ബെസ്റ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ അവാര്‍ഡിന് മലയാളിയായ പയസ് തോമസിന്. പ്രമുഖ ബിസിനസ് മാഗസിനായ ബിസിനസ് ടുഡേ യെസ് ബാങ്കിന്റ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ന്യൂഡല്‍ഹി താജ്മഹല്‍ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രി പിയുഷ് ഗോയല്‍ അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പ് ചെയര്‍മാന്‍ അരുണ്‍ പൂരി സംബന്ധിച്ചു. പ്രമുഖ ബിസിനസ് സ്ഥാപനങ്ങളിലെ 16 സാമ്പത്തിക വകുപ്പ് മേധാവികളാണു ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹരായത്.

പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ജോക്കിയുടെ ഉത്പാദകരായ പേജ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറും മുഖ്യ ഫിനാന്‍സ് ഓഫീസറുമാണ് പയസ് തോമസ്. ഉയര്‍ന്ന റാങ്കോടെ ബിരുദവും, ബിരുദാനന്തര ബിരുദവും പാസായ പയസ് തോമസ് അമേരിക്കയിലെ ടെക്സാസ് സര്‍വകലാശാലയില്‍നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബാംഗ്ളൂര്‍ വിജയനഗര്‍ നിവാസിയായ പയസ് തോമസ് തൃശൂര്‍ സ്വദേശിയാണ്. ഹണിയാണ് ഭാര്യ, റോഷന്‍, രോഹിത് എന്നിവര്‍ മക്കളാണ്.