വിയന്നയില്‍ കുട്ടികളുടെ കവര്‍ച്ചാസംഘം പോലീസ് പിടിയി
Monday, October 20, 2014 6:51 AM IST
വിയന്ന: വിയന്നയില്‍ മെട്രോയില്‍ സഞ്ചരിച്ച് വന്‍തോതില്‍ പോക്കറ്റടി നടത്തിയിരുന്ന കുട്ടികളുടെ കവര്‍ച്ചാസംഘത്തെ പോലീസ് പിടികൂടി. ഇതില്‍ ഏറ്റവും പ്രായം കറഞ്ഞ കുട്ടിക്ക് 11 വയസാണ്. റുമേനിയന്‍ സ്വദേശികളും ഒരു ബോസ്നിയക്കാരിയുമാണ് സംഘത്തിലുള്ളത്.

കഴിഞ്ഞ കുറേ മാസങ്ങളായി വിയന്ന മെട്രോയില്‍ വ്യാപകമായി പോക്കറ്റടി നടത്തിയിരുന്നു. വണ്ടിയില്‍ സംഘമായി വരുന്ന ഇവര്‍ ഇരയാകുന്ന വ്യക്തിക്കു ചുറ്റും തിക്കും തിരക്കും ഉണ്ടാക്കുകയും ആ സമയം സംഘത്തിലൊരാള്‍ പേഴ്സ് മോഷ്ടിക്കുകയുമാണ് രീതി. വണ്ടിയില്‍കയറുമ്പോള്‍ തന്നെ കുട്ടിപ്പട വാതിലടഞ്ഞു നില്‍ക്കുകയും തിക്കുണ്ടാക്കുകയും ചെയ്യും.

പോക്കറ്റടിച്ചു കഴിഞ്ഞാല്‍ അടുത്ത സ്റേഷനില്‍ ഇറങ്ങും. സാധാരണഗതിയില്‍ പണമെടുത്തശേഷം പേഴ്സ് വെയിസ്റ് ബോക്സിലിടുകയാണ് പതിവ്. ഒരു സ്വിസ് വനിതയുടെ പോക്കറ്റടിച്ചപ്പോള്‍ അവര്‍ പോലീസില്‍ പരാതിപ്പെടുകയും മോഷ്ടാവിന്റെ ഏകദേശ അടയാളങ്ങള്‍ കൈമാറുകയും ചെയ്തു. അങ്ങനെയാണ് കുട്ടിമോഷ്ടാക്കള്‍ പിടിയിലായത്. കഴിഞ്ഞമാസങ്ങളില്‍ മലയാളികളുടേതടക്കം നിരവധി പോക്കറ്റടി മെട്രോയില്‍ നടന്നിരുന്നു. പിടിക്കപ്പെടുമ്പോള്‍ 30 മുതല്‍ 300 യൂറോവരെ ഓരോരുത്തരുടെയും കൈവശമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍