'പ്രവാസി വോട്ടവകാശം: ന്യൂനതകള്‍ പരിഹരിച്ച് നടപ്പിലാക്കണം'
Monday, October 20, 2014 6:45 AM IST
ദമാം: പ്രവാസികള്‍ക്ക് അവര്‍ തൊഴിലെടുക്കുന്ന രാജ്യത്ത് നിന്നു കൊണ്ടു തന്നെ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍, വോട്ടവകാശത്തിനായി ഏറെക്കാലമായി ആഗ്രഹിക്കുന്ന പ്രവാസി സമൂഹത്തിന് ആശ്വാസം നല്‍കുന്നു.

ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ മറ്റ് രാജ്യങ്ങളില്‍ ജീവിക്കുന്ന പ്രവാസികള്‍ക്കും അവസരം കൈവരുന്നൂ എന്നത് ഗുണകരമാണ്. പലപ്പോഴും പ്രവാസികളുടെ കാതലായ പ്രശ്നങ്ങള്‍ നിരാകരിക്കപ്പെടുന്ന അനുഭവങ്ങള്‍ ഏറെയാണ്. വോട്ടവകാശം ലഭിക്കുന്നതോടുകൂടി തങ്ങളെക്കൂടി കേള്‍ക്കാന്‍ ഭരണാധികാരികള്‍ തയാറാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഇ പോസ്റല്‍ വോട്ട് രേഖപ്പേടുത്തുകയോ, പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കുകയോ, നാട്ടിലെത്തി വോട്ട് ചെയ്യുകയോ ചെയ്യാന്‍ പ്രവാസികള്‍ക്ക് അവസരമുണ്ടാക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭ്യമാക്കാമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നട പ്പിലാക്കുന്നതിനു മുമ്പ് ഇതിന്റെ ഗുണ ദോഷ വശങ്ങള്‍ സമഗ്രമായി പഠിക്കേണ്ടതു കൂടിയുണ്ട്.

1. തങ്ങള്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് തന്നെ തങ്ങളുടെ പ്രതിനിധികള്‍ വോട്ട് ചെയ്യപ്പെടുന്നുണ്െടന്ന് തീര്‍ച്ചയാക്കാനും പകരം സംവിധാനങ്ങള്‍ ഇല്ലെന്നത് കൊണ്ടുതന്നെ, പ്രതിനിധി വോട്ടുകള്‍ക്ക് വിശ്വാസ്യത പൂര്‍ണമായും ഉറപ്പിക്കാനാവില്ല.

2. ഇ പോസ്റല്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ വോട്ടുകള്‍ യഥാസമയം നാട്ടിലെത്തിക്കാന്‍ കഴിമെന്ന് വരില്ല. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി അന്തിമ ലിസ്റ് പുറത്തുവന്നതിനുശേഷം മാത്രമെ വോട്ട് രേഖപ്പെടുത്താന്‍ സാധ്യമാവൂ എന്നിരിക്കെ, ശേഷിക്കുന്ന ദിവസങ്ങള്‍ക്കുള്ളില്‍ പൂരിപ്പിച്ച പോസ്റല്‍ ബാലറ്റുകള്‍ സുരക്ഷിതമായി അതത് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ ദിവസത്തിനു മുമ്പുതന്നെ എത്തിക്കുക ദുഷ്കരമാണ്. സൌദി അറേബ്യ പോലുള്ള രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പ്രത്യേകിച്ചും. അതു പോലെ തന്നെ പോസ്റല്‍ സംവിധാനം ശക്തമല്ലാത്ത രാജ്യങ്ങളില്‍ പലപ്പോഴും ഇത് പ്രായോഗികവുമല്ല. കൊറിയര്‍ സംവിധാനം ചെലവേറിയതും.

ഇതിനു പരിഹാരമെന്നോണം പൂരിപ്പിച്ച ഇ പോസ്റല്‍ ബാലറ്റുകള്‍ എംബസികളുടെ നേതൃത്വത്തില്‍ ശേഖരിച്ച്, തരം തിരിച്ച് അതത് മണ്ഡലങ്ങളില്‍ എത്തിക്കാനുള്ള സംവിധാനം എംബസികളുടെ നേതൃത്വത്തില്‍ ഒരുക്കാന്‍ കഴിയേണ്ടതുണ്ട്. ഇതിനുള്ള സാധ്യതകള്‍ കമ്മീഷന്‍ പരിശോധിക്കണം. എങ്കില്‍ മാത്രമെ പോസ്റല്‍ ബാലറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവു.

മുഴുവന്‍ പ്രവാസികള്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കുറ്റമറ്റതും സുരക്ഷിതവുമായ സംവിധാനമാണ് ഉണ്ടാകേണ്ടത്. ഇ ത്തരം ആശങ്കകള്‍ കൂടി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പോട്ടുവയ്ക്കാന്‍ കഴിയേണ്ടതുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം