മെല്‍വിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം ലഭിച്ചു
Monday, October 20, 2014 4:41 AM IST
കുവൈറ്റ്: നിരോധിക്കപ്പെട്ട മരുന്നുകള്‍ കൈവശം വെച്ചതിന് തടവില്‍ അടയ്ക്കപ്പെട്ട മെല്‍വിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം ലഭിച്ചു. എട്ടുമാസത്തെ ജയില്‍ വാസത്തിനൊടുവില്‍ ആണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. അവധിക്കാലത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു മെല്‍വിന്‍ മാംഗളൂരില്‍ നിന്ന് കുവൈറ്റിലേക്ക് എത്തിയത്.

നാട്ടില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പ് അയല്‍ക്കാരന് ചെയ്ത സഹായമാണ് മെല്‍വിന് വിനയായി മാറിയത്. അച്ചാറും മസാല പൌഡറും അടങ്ങിയ പായ്ക്കറ്റില്‍ കുവൈറ്റില്‍ നിരോധിക്കപ്പെട്ട ചില മരുന്നുകളും ഉണ്ടായിരുന്നു. കുവൈറ്റ് വിമാനത്താവളത്തില്‍ എത്തിയ മെല്‍വിന്റെ ബാഗില്‍ നിരോധിത മരുന്ന് കണ്ടത്തിയതിനെ തുടര്‍ന്ന്! അറസ്റു ചെയ്യുകയായിരുന്നു. മെല്‍വിന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ വേണ്ടി ഭാര്യ കരോളും ബന്ധുക്കളും നിരന്തരമായി സര്‍ക്കാരുമായും എംബസിയുമായും ബന്ധപ്പെട്ടുവരികയായിരുന്നു. അതിനിടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തുടര്‍ നിയമ പോരാട്ടങ്ങളിലൂടെ മെല്‍വിന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍