മാര്‍ത്തോമ യുവജന സഖ്യം സമ്മേളനം അവിസ്മരണീയമായി
Saturday, October 18, 2014 8:31 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ 16-ാമത് ഭദ്രാസന സമ്മേളനം ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ കാനഡായിലെ ഒന്റാരിയോയിലുളള ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലില്‍ നടന്നു. സമ്മേളനം നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു.

'ജീവന്റെ ആഘോഷം ക്രിസ്തുവിനോടു കൂടെ' എന്ന വിഷയത്തെ ആധാരമാക്കി തിരുവനന്തപുരം, കൊല്ലം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പാ, ഫാ. ഡോ. തോമസ് ജോര്‍ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

ലോക വിസ്മയങ്ങളിലൊന്നായ നയാഗ്ര വെളളച്ചാട്ടത്തിനു സമീപമുളള ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ മാര്‍ത്തോമ ഇടവകയിലെ യുവജന സഖ്യം പ്രതിനിധികള്‍ പങ്കെടുത്തു. ടൊറന്റോ, സെന്റ് മാത്യൂസ് മാര്‍ത്തോമ യുവജനസഖ്യം സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചു.

ഭദ്രാസന യുവജന സഖ്യത്തിന്റെ പ്രസിദ്ധീകരണമായ യുവധാരയുടെ പ്രകാശനവും പുതിയ വര്‍ഷത്തെ കര്‍മ്മ പദ്ധതികളുടെ തുടക്കവും സമ്മേളനത്തില്‍ നടന്നു.

ഭദ്രാസന യുവജനസഖ്യം സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ മാത്യൂസ് തോമസ്, അസംബ്ളി പ്രതിനിധി ലാജി തോമസ്, യുവധാര ചീഫ് എഡിറ്റര്‍ അജു മാത്യു, ഉമ്മച്ചന്‍ മാത്യു, ജിമ്മി ജോസ്, ജസ്റിന്‍ ജോണ്‍, ജേസന്‍ ജോണ്‍, ജോജി ജോര്‍ജ്, ടോം കണ്ടത്തില്‍, ജോര്‍ജ് ആന്റണി, തോമസ് ജോര്‍ജ് എന്നിവരെ കൂടാതെ വൈദികരായ ഫാ. മാത്യു ബേബി, ഡാനിയേല്‍ തോമസ്, ഫാ. ഷിബു ശാമുവല്‍, രാജന്‍ കോശി, ഷിബു മാത്യു എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി.

ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ യുവജനസഖ്യം സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചതിന് മാത്യു പോള്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് അര്‍ഹരായി.

യുവജനസഖ്യം കോണ്‍ഫറന്‍സ് ഓര്‍മയുടെ ചക്രവാകങ്ങളില്‍ ഒരിക്കലും മായാത്ത അനുഭവമായി മാറിയതായി ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി കണ്‍വീനര്‍ സഖറിയാ കോശി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം