സീറോ മലബാര്‍ കത്തീഡ്രലില്‍ വി. കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിച്ചു
Saturday, October 18, 2014 3:19 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

ഒക്ടോബര്‍ 12-ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.

വിശുദ്ധ കൊച്ചുത്രേസ്യയുടെ ഹ്രസ്വ ജീവചരിത്രവും, ഒക്ടോബര്‍മാസം കത്തോലിക്കാ സഭയില്‍ ആദരിക്കപ്പെടുന്ന മറ്റ് വിശുദ്ധരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അഭിവന്ദ്യ പിതാവ് തന്റെ തിരുനാള്‍ സന്ദേശത്തില്‍ വിവരിച്ചത് വിശ്വാസികള്‍ക്ക് കൂടുതല്‍ വിജ്ഞാനം പകരുന്ന ഒന്നായിരുന്നു.

കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി. ലദീഞ്ഞിനും തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും ശേഷം നടന്ന നേര്‍ച്ചകാഴ്ച സമര്‍പ്പണത്തോടെ തിരുനാള്‍ സമാപിച്ചു.

ജോസഫ് തോട്ടുകണ്ടം, പാപ്പച്ചന്‍ മൂലയില്‍ എന്നിവരും കുടുംബാംഗങ്ങളും ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.

വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അഭിവന്ദ്യ ജോയി ആലപ്പാട്ട് പിതാവിനെ സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തുകയും, തിരുനാള്‍ ഏറ്റെടുത്ത് നടത്തിയവര്‍ക്കും, തിരുനാള്‍ മോടിയാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദിരേഖപ്പെടുത്തുകയും ചെയ്തു.

അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍, കൈക്കാരന്മാരായ മനീഷ് ജോസഫ്, ഇമ്മാനുവേല്‍ കുര്യന്‍, സിറിയക് തട്ടാരേട്ട്, ജോണ്‍ കൂള, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്സായ ജോസ് കടവില്‍, ജോണ്‍വര്‍ഗീസ് തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവരും തിരുനാലിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം