വിദഗ്ധ കുടിയേറ്റക്കാര്‍ ജര്‍മനിയില്‍ ദീര്‍ഘകാലം കഴിയാന്‍ ആഗ്രഹിക്കുന്നു
Friday, October 17, 2014 8:23 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്ന് ജര്‍മനിയിലേക്ക് കുടിയേറിയിരിക്കുന്ന, ഉന്നത വിദ്യഭ്യാസ യോഗ്യതകളുള്ളവരില്‍ ഭൂരിപക്ഷവും കൂടുതല്‍ കാലം ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നു. അതേസമയം, സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ദീര്‍ഘകാലം ജര്‍മനിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സര്‍വേയില്‍ വ്യക്തമാകുന്നു.

മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീസ് മന്ത്രാലയമാണ് ഇതു സംബന്ധിച്ച സര്‍വേ സംഘടിപ്പിച്ചത്. വിദഗ്ധ വിദേശ തൊഴിലാളികളില്‍ 68.6 ശതമാനം പേര്‍ കൂടുതല്‍ കാലം രാജ്യത്ത് തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചു. സ്വയം തൊഴില്‍ ചെയ്യുന്നവരില്‍ 70 ശതമാനം പേരും സമാന ആശയമാണ് പങ്കുവച്ചത്.

അതേസമയം, സാമ്പത്തികമായി നല്ല നിലയിലുള്ള രാജ്യങ്ങളില്‍നിന്നു കുടിയേറുന്നവരെ കൂടി കൂടുതല്‍ കാലം ജര്‍മനിയില്‍ ജോലി ചെയ്ത് ജീവിക്കാന്‍ പ്രേരിപ്പിക്കണമെന്ന ആവശ്യം പല രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കുന്നു. യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഹ്രസ്വകാല കുടിയേറ്റത്തിനു മാത്രമാണ് ജര്‍മനിയില്‍ വരുന്നത്.

ഏഷ്യയില്‍ നിന്നും വിദഗ്ധജോലിക്കായി ജര്‍മനിയില്‍ കുടിയേറുന്നവരില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്‍ ആവിഷ്ക്കരിച്ച ബ്ളൂകാര്‍ഡ് സംവിധാനത്തിലൂടെ എത്തുന്നവര്‍ കാലാകാലങ്ങളില്‍ ആദ്യത്തെ ജോബ് വീസയില്‍ നിന്നും മറ്റൊരു കമ്പനിയില്‍ ജോലി തേടാനും മുന്തിയ സൌകര്യങ്ങള്‍ നേടിയെടുക്കാനും അനുവാദമുള്ളതുകൊണ്ട് മുന്‍പത്തെ അപേക്ഷിച്ച് ഏറെ ശ്രദ്ധിക്കുന്നതും ഒരു വലിയ ഘടകമാണ്. ബ്ളൂകാര്‍ഡ് സംവിധാനം ഇല്ലാതിരുന്നപ്പോള്‍ മുന്‍പ് ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ അനുവദനീയമായിരുന്നില്ല. ഇന്നിപ്പോള്‍ അത് ഏറെ ഫലം ചെയ്യുന്നു.

2013 ല്‍ 11,000 പേരാണ് ബ്ളൂകാര്‍ഡ് വീസയിലൂടെ ജര്‍മനിയിലെത്തിയതെങ്കില്‍ 38 സയന്റിസ്റുകള്‍ ഉള്‍പ്പടെ 4127 പേര്‍ ഇതില്‍ ജര്‍മനി അവരുടെ താവളമായി നിജപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ എണ്ണത്തില്‍ പറയത്തക്ക വര്‍ധനവ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍