ഉദയകുമാര്‍ അനുസ്മരണ ഫൊക്കാനാ വോളിബോള്‍ ടൂര്‍ണമെന്റ്
Thursday, October 16, 2014 7:32 AM IST
ടൊറന്റോ: ഒക്ടോബര്‍ നാലിന് ടൊറന്റോയില്‍ നടന്ന ഫൊക്കാനയുടെ ആദ്യ ദേശീയ കമ്മിറ്റി യോഗത്തില്‍ മികച്ച വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ അന്തരിച്ച കെ. ഉദയകുമാറിന്റെ അനുസ്മരണാര്‍ഥം ഉദയകുമാര്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ കായികരംഗത്തെ അഭിമാനമായ ഉദയകുമാറിനുള്ള പ്രവാസികളുടെ ആദരാഞ്ജലിയാകും ഈ ടൂര്‍ണമെന്റ്.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ജനിച്ച ഉദയകുമാര്‍ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ താരമായി ഉയര്‍ന്നത്. ജിമ്മി ജോര്‍ജ്, സിറിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം നിരവധി മത്സരങ്ങളില്‍ വിജയം നേടി. 54-ാമത്തെ വയസില്‍ അന്തരിച്ച ഉദയകുമാര്‍ കായിക പ്രേമികളുടെ മനസിലെ വിസ്മയമാണ്.

അമേരിക്കയിലെ ടൊറന്റോയില്‍ താമസിക്കുന്ന മലയാളികളുടെ കായികരംഗത്ത് പുതിയ ഉണര്‍വും ഉന്മേഷവും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാണ് ഫൊക്കാന വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതെന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം