സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കാമ്പയിന്‍ ഒക്ടോബര്‍ 17ന് തുടങ്ങും
Wednesday, October 15, 2014 8:10 AM IST
റിയാദ്: സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ് ഘടകം 'വിശ്വാസം ചൂഷണമല്ല, വിമോചനമാണ്' എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 17ന് (വെള്ളി) രാത്രി എട്ടിന് ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് റിംഫ് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു.

ആധുനിക കാലഘട്ടത്തില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ് ഏറ്റവുമധികം ചൂഷണവും തട്ടിപ്പും അരങ്ങേറുന്നതെന്നും ഇതിനെതിരെ ശക്തമായൊരു ചെറുത്തുനില്‍പ്പും ബോധവത്കരണവും അനിവാര്യവുമാണെന്നും ഇല്ലെങ്കില്‍ സമൂഹം സകല ജീര്‍ണതകളുടേയും പടുകുഴിയിലേക്ക് കൂപ്പ് കുത്തുമെന്നും കാമ്പയില്‍ സംഘാടകര്‍ പറഞ്ഞു. കേരളം അന്ധവിശ്വാസങ്ങളുടെ വിളനിലമാണ്. ജീവിതവീഥിയിലെ അസ്വസ്ഥതകളില്‍ നിന്നും താത്കാലിക മോചനം തേടി ആള്‍ ദൈവസങ്കേതങ്ങളിലും കപട ധ്യാനകേന്ദ്രങ്ങളിലും ജാറങ്ങളിലും മഖ്ബറകളിലും സിദ്ധന്‍മാരുടേയും ദിവ്യന്‍മാരെന്ന് സ്വയം നടിച്ച് നടക്കുന്നവരുടേയും ആലയങ്ങളില്‍ അഭയം തേടി പണവും മാനവും നഷ്ടപ്പെടുന്ന ഹതഭാഗ്യരുടെ പട്ടിക വളരെ വലുതാണ്. അന്ധവിശ്വാസം വലിയൊരു വ്യവസായമായി വളര്‍ന്നിരിക്കുന്നു. വിശ്വാസത്തിനും ദൈവത്തിനുമിടയില്‍ മധ്യവര്‍ത്തികളായെത്തുന്നവര്‍, മന്ത്രവും ഹോമവും നടത്തുന്നവര്‍, മാരണവും ജിന്ന്ബാധയും പറഞ്ഞ് ഭീതി ജനിപ്പിക്കുന്നവര്‍, കംപ്യൂട്ടര്‍ ജാതകം, വെള്ളിമൂങ്ങ, മുടിക്കച്ചവടം, ഉറൂസുകള്‍, സ്വലാത്തുകള്‍, നേര്‍ച്ചകള്‍ എന്നുവേണ്ട എല്ലാം പണസമ്പാദന മാര്‍ഗമാക്കിയവരുടെ നിര നീണ്ടതാണ്. പ്രവാസികളുടെ പണവും കുടുംബത്തിലെ സ്വസ്ഥതയും പലപ്പോഴും ഇക്കൂട്ടര്‍ കവര്‍ന്നെടുക്കുന്നു. ഇതിനെതിരെയുള്ള ഒരു സാമൂഹ്യാവബോധം സൃഷ്ടിക്കാനായാണ് ഈ കാമ്പയിനെന്ന് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു.

വിശ്വാസരംഗത്തെ ചൂഷണങ്ങളെ സംബന്ധിച്ച് പ്രവാസി സമൂഹത്തെ ബോധവത്കരിക്കുന്ന ലക്ഷ്യവുമായി വിദ്യാര്‍ഥികളേയും മുതിര്‍ന്നവരേയും വനിതകളേയും ഉള്‍പ്പെടുത്തി വിവിധ ബോധവത്കരണ പരിപാടികള്‍ സെന്റര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. റിയാദിലെ വിവിധ ഏരിയകളിലായി പ്രമേയ ചര്‍ച്ചകളും സെമിനാറുകളും, ലഘുലേഖ വിതരണം, സൌഹൃദ സദസ്, വനിതാ സംഗമം, വിദ്യാര്‍ഥി യുവജനസംഗമം എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ ഷറഫുദ്ദീന്‍ കടലുണ്ടി, , ജനറല്‍ സെക്രട്ടറി സാജിദ് കൊച്ചി, പ്രബോധകനായ അബൂഹുറൈര്‍ മൌലവി, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷരീഫ് പാലത്ത്, മുജീബ് അലി തൊടികപ്പുലം, സിറാജ് ചെറുമുക്ക്, റഷീദ് വടക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍