പിഐഒ കാര്‍ഡ് ഉള്ളവര്‍ക്ക് ഇനിമുതല്‍ ആജീവനാന്തകാല വീസ വേണ്ട
Wednesday, October 15, 2014 8:04 AM IST
വിയന്ന: പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ 15 വര്‍ഷം കൂടുമ്പോള്‍ വീസ പുതുക്കേണ്ട കാര്യമില്ല. വിദേശ ഇന്ത്യാക്കാരുടെ നിരവധി വര്‍ഷങ്ങളായിട്ടുളള ഒരാവശ്യത്തിനാണ് അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദി ഉറപ്പു നല്‍കിയത്. ഇതനുസരിച്ച് 2002 ലെ പിഐഒ കാര്‍ഡ് നിയമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2014 ലെ സെപ്റ്റംബര്‍ 30 ന് വിജ്ഞാപനമിറക്കി.

ഈ നിയമമനുസരിച്ച് പിഐഒ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഒസിഐ കാര്‍ഡിലേതുപോലെയുള്ള അവസരങ്ങള്‍ ലഭിക്കും. ഈ ഉത്തരവനുസരിച്ച് പിഐഒ കാര്‍ഡ് ഉടമകള്‍ക്ക് ആജീവനാന്ത വീസയായിരിക്കും. ഇനി മുതല്‍ 15 വര്‍ഷം കൂടുമ്പോള്‍ പുതുക്കുക എന്ന വകുപ്പു നിലവിലുണ്ടാകില്ല. പക്ഷെ സാധുവായ വിദേശപാസ്പോര്‍ട്ട് ഉണ്ടായിരിക്കണം എന്നുമാത്രം.

പിഐഒ കാര്‍ഡ് കൈവശമുള്ളവര്‍ 180 ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങുകയാണെങ്കില്‍ അടുത്ത പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്യണമെന്ന നിയമവും അതൊടൊപ്പം അസാധുവായി. കൂടാതെ 180 ദിവസത്തില്‍ കൂടുതലുള്ള താമസത്തിന് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിലോ ഫോറിനേഴ്സ് റെജിസ്ട്രേഷന്‍ ഓഫീസിലോ രജിസ്റര്‍ ചെയ്യണമെന്ന നിയമവും അസാധുവാകുന്നു.

ഈ നിയമത്തിന് ഗസറ്റ് വിജ്ഞാപനം ചെയ്ത 2014 സെപ്റ്റംബര്‍ 30 മുതല്‍ നിയമസാധ്യതയുണ്െടന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി ലക്ഷക്കണക്കിന് വരുന്ന വിദേശ ഇന്ത്യാക്കാര്‍ക്കാണ് ഇതുമൂലം ആശ്വാസം ലഭിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍