ഇന്ത്യയും ഫിന്‍ലന്‍ഡും 15 കരാറുകളില്‍ ഒപ്പുവച്ചു
Wednesday, October 15, 2014 8:03 AM IST
ഹെല്‍സിങ്കി: ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഫിന്‍ലന്‍ഡ് സന്ദര്‍ശനം ആരംഭിച്ചു. ഒക്ടോബര്‍ 14 ന് വൈകിട്ട് ഹെല്‍സിങ്കിയില്‍ വിമാനമിറങ്ങിയ പ്രണബ് മുഖര്‍ജിയ്ക്കും സംഘത്തിനും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

ഫിന്നിഷ് പ്രസിഡന്റ് സൌളി നിനിസ്റോ, രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സംഘത്തെ സ്വീകരിച്ചത്. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പതിനഞ്ച് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു. ഊര്‍ജം, മത്സ്യബന്ധനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ശാസ്ത്രസാങ്കേതിക മേഖലയില്‍ സഖ്യം വര്‍ധിപ്പിക്കാനുള്ള സാധ്യതകളും ആരായും. രണ്ടു ദിവസം നീളുന്ന പ്രണബിന്റെ സന്ദര്‍ശനത്തില്‍ ഉന്നത വിദ്യാഭ്യാസം ബയോടെക്നോളജി എന്നീ രംഗത്തെ സഹകരണത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.

പ്രധാനമന്ത്രി അലക്സാണ്ടര്‍ സ്റബുമായി കൂടിക്കണ്ട പ്രണബ്, ഫിന്നീഷ് പാര്‍ലമെന്റ് സന്ദര്‍ശിച്ചതിനു പുറമെ സ്പീക്കര്‍ ഈറോ ഹൈനെലോമ, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.

ഫിന്‍ലാന്റ് മൊബൈല്‍ കമ്പനിയായ നോക്കിയ ഇന്ത്യയിലെ നികുതി കേസിനെപ്പറ്റി പ്രസിഡന്റ് നിസ്റിനോ പ്രണബ് കുമാര്‍ മുഖര്‍ജിയുമായി ചര്‍ച്ച നടത്തി. ഇത്തരം കേസുകളില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്ക് സ്ഥിരതയും സുതാര്യതയും ഇല്ലെന്നു പറഞ്ഞാണ് നിസ്റിനോ ഇന്ത്യയെ കുറ്റപ്പെടുത്തിയത്. കോടതി കാര്യങ്ങളില്‍ തന്റെ അഭിപ്രായം ഇവിടെ പറയുന്നില്ലെന്നു പ്രണബ് മറുപടിയായി പറഞ്ഞു.

ഫിന്‍ലാന്റ് വിദേശകാര്യ സെക്രട്ടറി നവ്റ്റെ സര്‍നയ്ക്കൊപ്പം പ്രണബ് ലോകമഹായുദ്ധ കാലത്തു മൃതിയടഞ്ഞവരുടെ സ്മരണയ്ക്കായി നിര്‍മിച്ച ഹീറ്റാനീമി സെമിത്തേരിയില്‍ എത്തി പുഷ്പചക്രം അര്‍പ്പിച്ചു.

ആര്‍ക്ടിക് സയന്‍സ് സെന്ററിനു പുറമെ ആര്‍ക്ടിക് മ്യൂസിയം, സര്‍ക്കിളിലെ റൊവാനിയെമി വില്ലേജിലെ സാന്റാ ക്ളൌസ് ഗ്രാമത്തിലെത്തി സാന്റാ പോസ്റോഫീസ്, സാന്റാ ഹൌസ് എന്നിവയും സന്ദര്‍ശിച്ചു.

26 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്.1988 ല്‍ അന്നത്തെ പ്രസിഡന്റ് ആര്‍ വെങ്കട്ടരാമന്‍ ഫിന്‍ലാന്റ് സന്ദര്‍ശിച്ചിരുന്നു. 1993 ല്‍ കേന്ദ്രവാണിജ്യ മന്ത്രിയായിരിയ്ക്കുമ്പോള്‍ പ്രണബ് ഫിന്‍ലാന്റ് സന്ദര്‍ശിച്ചിരുന്നു.

പ്രണബ് നയിക്കുന്ന ഉന്നതതല സംഘത്തില്‍ കേന്ദ്രമന്ത്രി പി. രാധാകൃഷ്ണനും ഉണ്ട്. നോര്‍വേ, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സംഘം ബുധനാഴ്ച രാത്രി ഇന്ത്യയിലേക്കു മടങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍