മാര്‍ത്തോമാ സീനിയര്‍ സിറ്റിസണ്‍സ് ഫെല്ലോഷിപ്പ് ഒന്നാമത് ദേശീയ സമ്മേളനം ഡിട്രോയിറ്റില്‍
Wednesday, October 15, 2014 4:01 AM IST
ഡിട്രോയിറ്റ്: മാര്‍ത്തോമാ സീനിയര്‍ സിറ്റിസണ്‍സ് ഫെല്ലോഷിപ്പ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആദ്യ ദേശീയ സമ്മേളനം ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ നടത്തപ്പെടും. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചരിത്ര ഏടുകളില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഈ ആദ്യ സമ്മേളനം ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്യും.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് രൂപം നല്‍കുകയും അതിന്റെ വളര്‍ച്ചയില്‍ പങ്കുവഹിക്കുകയും ചെയ്ത ഭദ്രാസനത്തിലെ സീനിയര്‍ അംഗങ്ങളുടെ ഒത്തുചേരലിന് വേദിയാകുകയാണ് ചരിത്രം ഉറങ്ങുന്ന മോട്ടോര്‍ നഗരി എന്നറിയപ്പെടുന്ന ഡിട്രോയിറ്റ്. ഒരു ചരിത്രനിയോഗം പോലെ ഈ ആദ്യസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയിലെ സിനിയര്‍ സിറ്റിസണ്‍സ് ഫെല്ലോഷിപ്പാണ്. 'ചര്‍ച്ചിംഗ് ദി ഡയസ്പോറ ഫെയ്ത്ത് ഡവലപ്മെന്റ് ആന്‍ഡ് സ്റുവാര്‍ഡ്ഷിപ്പ്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ക്ക് റവ.ഡോ. ഐപ്പ് ജോസഫ് നേതൃത്വം നല്കും.

സമ്മേളനത്തിന്റെ വിവിധ സെഷനുകള്‍ക്ക് റവ. ജോണ്‍ മാത്യു, റവ. ഡാനിയേല്‍ തോമസ്, ഏബ്രഹാം മട്ടയ്ക്കല്‍, ഡോ. മാത്യു സാധു, ഒ.സി. ഏബ്രഹാം, ഡോ. മാത്യു തോമസ്, ഡോ എം.വി. മാത്യു, മാത്യു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. സമ്മേളനത്തില്‍ വേദപഠനങ്ങള്‍, ആനുകാലിക വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍, ആരോഗ്യ വിഷയങ്ങളെപ്പറ്റിയുള്ള സെമിനാര്‍, കലാകായിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ വികാരി റവ. സി.കെ. കൊച്ചുമോന്‍ സ്വാഗതം ആശംസിക്കും. റവ. ഫിലിപ്പ് വര്‍ഗീസ് (ഡിട്രോയിറ്റ്) പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നല്‍കുകയും ഒ.സി കോശി ആശംസാ പ്രസംഗം നടത്തുകയും ചെയ്യും. ഒക്ടോബര്‍ 18ന് ശനിയാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടും തുടര്‍ന്ന് നടക്കുന്ന സമാപന മീറ്റിംഗോടുംകൂടി ഈ ആദ്യ സമ്മേളനത്തിന് തിരശീല വീഴും.

സീനിയര്‍ സിറ്റിസണ്‍സ് ഫെല്ലോഷിപ്പിന്റെ ആദ്യ സമ്മേളനത്തിന്റെ നടത്തിപ്പിനായി ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. സി.കെ. കൊച്ചുമോന്‍, റവ. പി. ചാക്കോ, റവ. ഫിലിപ്പ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സമ്മേളനത്തോടു ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന സുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല