ഭീമന്‍ മത്തന്‍ വിളയിച്ച് വാറ്റ്ഫോര്‍ഡിലെ ജേക്കബ് മാത്യു; ലേലം കൊണ്ടത് 1570 പൌണ്ടിന്
Wednesday, October 15, 2014 3:24 AM IST
ലണ്ടന്‍: എഴുപത്തഞ്ചു കിലോ ഭാരമുള്ള ഭീമന്‍ മത്തങ്ങ നിങ്ങള്‍ കണ്ടിട്ടുണ്േടാ?. ഇല്ലെങ്കില്‍ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ ജേക്കബ് മാത്യുവിന്റെ കൃഷിയിടത്തിലേക്കു പൊയ്ക്കോളൂ. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് പൊക്കിയാല്‍ പൊങ്ങുന്നത്ര വലിപ്പമുള്ള മത്തങ്ങയാണ് ജേക്കബ് തന്റെ കൃഷിയിടത്തില്‍ വിളയിച്ചെടുത്തിരിക്കുന്നത്.

ഭീമന്‍ മത്തങ്ങയെക്കുറിച്ചുള്ള വാര്‍ത്തകള്‍ യുകെയിലെ പത്രങ്ങളില്‍വരെ വാര്‍ത്തയായപ്പോള്‍ ജേക്കബ് മാത്യുവും കുടുംബവും ഈ മത്തങ്ങയ്ക്കൊപ്പം വാര്‍ത്താതാരങ്ങളായി.

വാറ്റ്ഫോര്‍ഡിലെ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ഹാര്‍വെസ്റ് ഫെസ്റിവലില്‍ കഴിഞ്ഞ ദിവസം ഈ മത്തങ്ങ ലേലത്തിനുവച്ചിരുന്നു. ഇടവകക്കാര്‍ ആവേശത്തോടെ പങ്കെടുത്ത ലേലത്തില്‍ 1570 പൌണ്ടിനാണ് മത്തങ്ങ ലേലംകൊണ്ടത്. ഈ തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ജേക്കബ് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ജേക്കബ് മാത്യു മത്ത കൃഷി തുടങ്ങിയത്. തികച്ചും ജൈവകൃഷിരീതി ജേക്കബ് തെരഞ്ഞെടുത്തിരുന്നത്. ഭാര്യയുടെയും മക്കളുടെയും പൂര്‍ണ പിന്തുണ കൃഷിക്കുണ്ടായിരുന്നുവെന്ന് നാല്‍പത്തൊന്‍പതുകാരനായ ജേക്കബ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍