പ്രണാബ് മുഖര്‍ജിക്ക് ഒസ്ലോയില്‍ രാജകീയ സ്വീകരണം
Tuesday, October 14, 2014 6:57 AM IST
ഒസ്ലോ: ഇന്ത്യന്‍ പ്രസിഡന്റ് പ്രണാബ്കുമാര്‍ മുഖര്‍ജിക്ക് നോര്‍വേ തലസ്ഥാനമായ ഒസ്ലോയില്‍ രാജോജിത സ്വീകരണം. ഒക്ടോബര്‍ 13 ന് (തിങ്കള്‍) തലസ്ഥാനത്തെത്തിയ പ്രണാബ് മുഖര്‍ജിയെ നോര്‍വേ രാജവ് ഹാറാള്‍ഡ് സ്വീകരിച്ചു. ഒസ്ലോയിലെ പ്ളാസാ രാജകൊട്ടാരത്തിലെത്തിയ മുഖര്‍ജിയെയും സംഘത്തെയും രാജകുടുംബാംഗങ്ങളും കൊട്ടാരം മേലധികാരികളും ചേര്‍ന്നു സ്വീകരിച്ചു.

കിംഗ് ഹാറാള്‍ഡിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖര്‍ജി നോര്‍വേയിലെത്തിയത്. നോര്‍വേ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി.

തിങ്കളാഴ്ച വൈകുന്നേരം റോയല്‍ പാലസില്‍ പ്രസിഡന്റിന്റെ ബഹുമാനാര്‍ഥം നല്‍കിയ വിരുന്നില്‍ രാജാവ്, രാജ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡന്റിന്റെ മകളും സന്ദര്‍ശന സംഘത്തിലുണ്ട്.

നോര്‍വീജിയന്‍ പാര്‍ലമെന്റ്് സന്ദര്‍ശിക്കുന്ന മുഖര്‍ജി പാര്‍ലമെന്റ് സ്പീക്കര്‍ ഒലമിക് തൊമ്മസെണുമായി കൂടിക്കാഴ്ച നടത്തി. ഒസ്ലോയിലെ പ്രശസ്തമായ ഫ്രാം മ്യൂസിയവും മുഖര്‍ജി സന്ദര്‍ശിച്ചു.

ചൊവ്വാഴ്ച നോര്‍വേ പ്രധാനമന്ത്രി എമ സോള്‍ബെര്‍ഗുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ലോകപ്രശസ്തമായ മുന്‍ഷ് ചിത്രകലാ മ്യൂസിയവും നേരില്‍ കണ്ടു.

ഹൌസ് ഓഫ് ബിസിനസില്‍ നടന്ന സമ്മേളനത്തില്‍ ബിസിനസ് രംഗത്തെ പ്രമുഖ കമ്പനികളും വ്യക്തികളും പങ്കെടുത്തു ചര്‍ച്ചകള്‍ നടത്തി.

ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ മുഖര്‍ജി, ഇന്ത്യയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ പങ്കാളികളാവാന്‍ നോര്‍വേ കമ്പനികളോട് ആഹ്വാനം ചെയ്തു. കൂടാതെ ഇന്ത്യയിലെ അടിസ്ഥാന സൌകര്യ വികസന മേഖലകളില്‍ നിര്‍ലോഭമായി നിക്ഷേപം നടത്താനും അതുവഴി ഇന്ത്യ- നോര്‍വേ ബന്ധം സുദൃഢമാക്കാന്‍ കഴിയുമെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

റയില്‍വേ, റോഡ്, ഊര്‍ജം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താന്‍ വ്യവസായ സംരംഭകരെ ഇന്ത്യയിലേയ്ക്ക് പ്രത്യേകം ക്ഷണിക്കുകയും ചെയ്താണ് പ്രസംഗം ഉപസംഹരിച്ചത്.

ഇന്ത്യയുടെ മേക്ക് ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാവുകവഴി ഇന്ത്യയുടെ സാങ്കേതിക വിദ്യയോടൊപ്പം ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുമെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വാണിജ്യ മേഖലയെ കൂടാതെ ഗവേഷണത്തിലും വിദ്യാഭ്യാസത്തിലും വീര്യമുള്ള വിത്തുകള്‍ കണ്ടെത്താന്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇരുരാജ്യങ്ങളുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള വിവിധ കരാറുകളും ഉണ്ടാക്കി.

സമാധാധത്തിനുള്ള നോബേല്‍ സമ്മാനത്തിനായി ഈവര്‍ഷം ഇന്ത്യാക്കാരനെ തെരഞ്ഞെടുത്തതില്‍ നോബേല്‍ പ്രൈസ് കമ്മിറ്റിയോടു ഇന്ത്യയുടെ നന്ദി അറിയിച്ചു. ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിയും പാക്കിസ്ഥാന്‍കാരി മലാലാ യൂസെഫായിയുമാണ് ഇത്തവണത്തെ സമാധാന നോബേല്‍ പുരസ്കാരം പങ്കിട്ടത്.

നോര്‍വേയ്ക്കു പുറമേ ഫിന്‍ലാന്റും രാഷ്ട്രപതിയും സംഘവും സന്ദര്‍ശിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍