മൂന്നാമത് ഈസ്റ് ആംഗ്ളിയ ക്നാനായ സംഗമവും കേംബ്രിഡ്ജ് യൂണിറ്റിന്റെ വാര്‍ഷികവും അവിസ്മരണീയമായി
Tuesday, October 14, 2014 6:55 AM IST
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് യൂണിറ്റ് ആതിഥേയത്വം വഹിച്ച മൂന്നാമത് ഈസ്റ് ആംഗ്ളിയ ക്നാനായ സംഗമവും കേംബ്രിഡ്ജ് യൂണിറ്റിന്റെ പത്താമത് വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു.

150ഓളം കുടുംബങ്ങള്‍ പങ്കെടുത്ത ആഘോഷ പരിപാടി ശനിയാഴ്ച രാവിലെ 11ന് യുകെകെസിഎയുടെ സ്പിരിച്വല്‍ അഡ്വൈസര്‍ റവ. ഫാ. സജിയുടെ നേതൃത്വത്തില്‍ നടന്ന പാട്ടുകുര്‍ബാനയോടെയാണ് സംഗമ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റ് പ്രിന്‍സ് ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ആഷിഷ് സ്വാഗതവും ഈസ്റ് ആംഗ്ളിയ പ്രസിഡന്റ് തങ്കച്ചന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന സംവാദത്തില്‍ യുകെകെസിഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിനുവേണ്ട ധനസമാഹരണത്തെക്കുറിച്ചും പ്രസിഡന്റ് ബെന്നി മാവേലിയും സെക്രട്ടറി റോയ് സ്റീഫനും സംസാരിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.

വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറി. നോര്‍വിച്ചിലെ അറയ്ക്കല്‍ കുഞ്ഞുമോനും കുട്ടികളുടെയും കേംബ്രിഡ്ജിലെ ഗായകന്‍ ഷോമിയുടെയും നേതൃത്വത്തില്‍ നടന്ന പുരാതന പാട്ടുകളും ഗാനമേളയും പരിപാടികള്‍ക്ക് കൊഴുപ്പേകി. വൈകുന്നേരം അഞ്ചോടെ തനതു കലയായ നടവിളിയോടുകൂടി ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജിജി സ്റീഫന്‍