എബോള ബാധിച്ച് ജര്‍മനിയില്‍ ചികില്‍സയ്ക്കെത്തിയ ആള്‍ മരിച്ചു
Tuesday, October 14, 2014 4:24 AM IST
ബര്‍ലിന്‍: ലൈബീരിയയിലെ സേവനത്തിനിടെ എബോള വൈറസ് ബാധിച്ച ജര്‍മനിയില്‍ ചികില്‍സക്കായി എത്തിയ യുഎന്‍ ഡോക്ടര്‍ ലൈപ്സിഗിലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി മരിച്ചു.

ലൈപ്സിഗിലെ സെന്റ് ജോര്‍ജ് ക്ളിനിക്കില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലാണ് ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. സുഡാന്‍ പൌരനായ ഇദ്ദേഹത്തിന് അന്‍പത്തിയാറു വയസുണ്ട്.

ഇതിനിടെ എബോള വൈറസ് ബാധിച്ച അമ്പത് പേരെ ഒരേ സമയം ചികിത്സിക്കുന്നതിനുള്ള സന്നാഹങ്ങള്‍ ജര്‍മനിയില്‍ തയാറാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ വെസ്റ് ആഫ്രിക്കയില്‍ നിന്ന് കൂടുതല്‍ രോഗികളെ ചികിത്സയ്ക്കായി എത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.

ഇപ്പോള്‍ ഹാംബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, ലീപ്സീഗ് എന്നിവിടങ്ങളില്‍ ഓരോ എബോള ബാധിതരെ ചികിത്സിക്കുന്നു. ഹാംബര്‍ഗിലെ രോഗി സുഖം പ്രാപിച്ചുകഴിഞ്ഞു. ഉഗാണ്ടയില്‍ നിന്നുള്ള രോഗിക്ക് നേരത്തെ ഫ്രാങ്ക്ഫര്‍ട്ടിലും സെനഗലില്‍ നിന്നുള്ളയാള്‍ക്ക് ഹാംബുര്‍ഗിലും നേരത്തേ ചികിത്സ നല്‍കിയിരുന്നു. മറ്റിടങ്ങളില്‍ ചികിത്സ തുടരുകയാണ്.

ഇതുവരെ എബോള ബാധിച്ച് മൂന്നുപേരെയാണ് ജര്‍മനിയില്‍ ചികില്‍സിച്ചുവരുന്നത്. ആഗോളതലത്തില്‍ ഇതുവരെ നാലായിരം ആളുകള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍