സെപ്റ്റ് കുവൈറ്റ് ഫുട്ബോള്‍ ട്രെയിനിംഗ് അക്കാഡമി രജിസ്ട്രേഷന്‍ ആരംഭിച്ചു
Tuesday, October 14, 2014 4:22 AM IST
കുവൈറ്റ്: സ്പോര്‍ട്സ് ആന്‍ഡ് എഡ്യൂക്കേഷന്‍ പ്രൊഫഷണല്‍ ട്രെയിനിംഗ് (സെപ്റ്റ് കുവൈറ്റ്) രജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ ഉദ്ഘാടനം കേരള എസ്പാറ്റീസ് ഫുട്ബോള്‍ അസോസിയേഷന്‍ (കെഫാക്) പ്രസിഡന്റ് അബ്ദുള്ള കാദമി സെപ്റ്റ് സ്പോണ്‍സറും അഡ്രസ് ഷോപ്പി മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് ഷബീറിന് ആദ്യകോപ്പി നല്‍കി നിര്‍വഹിച്ചു.

സെപ്റ്റ് യുഎഇ യുമായി സഹകരിച്ചാണ് കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ ട്രെയിനിംഗ് അക്കാഡമിക്ക് തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന അക്കാഡമിയില്‍ ഇന്ത്യക്കാരായ 6 മുതല്‍ 16 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. എല്ലാ ആഴ്ചകളിലും വെള്ളി രാവിലെയും ശനി വൈകിട്ടും നടക്കുന്ന പരിശീലനത്തിന് വിദഗ്ധരായ വിദേശ കോച്ചുകളോടൊപ്പം പ്രമുഖരായ ഇന്ത്യന്‍ പരിശീലകരും നേതൃത്വം നല്‍കും. മിശ് രിഫിലേയും ബയാനിലേയും പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തിലാണ് പരിശീലനം നടക്കുന്നത്.

2017 ല്‍ ഇന്ത്യയില്‍ നടക്കാന്‍ സാധ്യതയേറെയുള്ള ഫിഫ യൂത്ത് വേള്‍ഡ് കപ്പില്‍ കളിക്കാനുള്ള ഇന്ത്യന്‍ ടീമിലേക്ക് മികച്ച താരങ്ങളെ ഒരുക്കിയെടുക്കുക എന്ന മുഖ്യലക്ഷ്യമാണ് സെപ്റ്റിനുള്ളത്. ഇതുവഴി പ്രത്യേകം കഴിവുകള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് യുഎഇ സെപ്റ്റ് ടീമുമായി മത്സരിക്കുവാന്‍ അവസരമൊരുക്കും.

രജിസ്ട്രേഷനും വിശദാംശങ്ങള്‍ക്കും 99708812, 50320400.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍