നോര്‍ക്കയുടെ പ്രവര്‍ത്തനം യൂറോപ്യന്‍ രാജ്യങ്ങളില്‍ സജീവമാക്കും: മന്ത്രി കെ.സി ജോസഫ്
Monday, October 13, 2014 8:00 AM IST
ലണ്ടന്‍: പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള നോണ്‍ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (നോര്‍ക്ക) പ്രവര്‍ത്തനം യൂറോപ്യന്‍ രാജ്യങ്ങളില്‍ സജീവമാക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് പ്രഖ്യാപിച്ചു.

ഞായറാഴ്ച്ച ലണ്ടനിലെത്തിയ മന്ത്രിക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുകെ) നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നോര്‍ക്കയുടെ പ്രവര്‍ത്തനം യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നതിനു വേണ്ടിയുള്ള വിപുലമായ തയാറെടുപ്പുകളാണ് പ്രവാസികാര്യ വകുപ്പ് നടത്തിവരുന്നത്. അതിന്റെ ആദ്യപടിയായിട്ടാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളി കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിനുള്ള തീരുമാനം. ലോകത്ത് എല്ലാ രാജ്യങ്ങളിലേയ്ക്കും കുടിയേറിയിട്ടുള്ള മലയാളികളെ നാടുമായി ബന്ധിപ്പിച്ച് നിര്‍ത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍ ഈസ്റ് ഹാമിലെ ശ്രീനാരായണ ഗുരു മിഷന്‍ ഹാളില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഒഐസിസി യുകെ ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലണ്ടന്‍ റീജിയണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍ ആമുഖപ്രഭാഷണം നടത്തി. കൌണ്‍സിലര്‍ ഫിലിപ്പ് എബ്രാഹം, ഒഐസിസി ദേശീയ ഭാരവാഹികളായ എബി സെബാസ്റ്യന്‍, തോമസ് പുളിക്കല്‍, അനു ജോസഫ്, കെഎംസിസി സെക്രട്ടറി താജുദ്ദീന്‍, ലണ്ടന്‍ റീജണല്‍ ഭാരവാഹികളായ ജയ്ന്‍ ലാല്‍, ഏബ്രാഹം വാഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. നിതിന്‍ പനച്ചയില്‍ നന്ദി പ്രാശിപ്പിച്ചു. വക്കം ജി. സുരേഷ്കുമാര്‍ ഈശ്വരപ്രാര്‍ഥനയ്ക്കും ദേശീയഗാനാലാപനത്തിനും നേതൃത്വം നല്‍കി.

യോഗത്തിനു ശേഷം മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ആളുകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ചര്‍ച്ചകളില്‍ മാര്‍ട്ടിന്‍ ചങ്ങനാശേരി, ഡോ. ജോഷി ജോസ്, പ്രേമന്‍ അനന്തപുരി, ആന്റണി ഡാഗനം, ടോണി സെബാസ്റ്യന്‍ കാവാലം, തോമസ് പയ്യാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉച്ചയ്ക്ക് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മന്ത്രി കെ.സി ജോസഫിനും പത്നിയ്ക്കും ഒഐസിസി യുകെ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സീകരണമാണ് നല്‍കിയത്. ദേശീയ കമ്മിറ്റിക്കുവേണ്ടി ജയ്സണ്‍ ജോര്‍ജ്, എബി സെബാസ്റ്യന്‍, തോമസ് പുളിക്കല്‍, ലണ്ടന്‍ റീജിയണല്‍ പ്രസിഡന്റ് ടോണി ചെറിയാന്‍ എന്നിവര്‍ ത്രിവര്‍ണ ഷാളുകള്‍ അണിയിച്ചു. റെഞ്ചി വര്‍ക്കി, ബൈജു കാരിയില്‍, ഏബ്രാഹം വാഴൂര്‍, ടോണി കാവാലം എന്നിവര്‍ നേതൃത്വം നല്‍കി. പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരും മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ ഒക്ടോബര്‍ 16, 17, 18 തീയതികളില്‍ നടക്കുന്ന റീജണല്‍ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ബ്രിട്ടണിലെത്തിയത്.