യുകെയില്‍ നഴ്സുമാര്‍ സമരത്തില്‍; മലയാളികള്‍ ഭാഗികമായി വിട്ടുനിന്നു
Monday, October 13, 2014 7:56 AM IST
ലണ്ടന്‍ : ശമ്പളവര്‍ധനവ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും നഴ്സുമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യവിഭാഗം (എന്‍എച്ച്എസ്) ജീവനക്കാര്‍ പണിമുടക്കില്‍. ആരോഗ്യവിഭാഗം ജീവനക്കാരുടെ വിവിധ സംഘടനകളായ യുണിസണ്‍, യുണൈറ്റ്, റോയല്‍ കോളജ് ഓഫ് മിഡ്വൈവ്സ് (ആര്‍സിഎം), ജിഎബി, ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്സ്, മാനേജേഴ്സ് ഇന്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവയിലെ അംഗങ്ങള്‍ സംയുക്തമായാണ് പണിമുടക്കിയത്.

ഒരു ശതമാനം ശമ്പളവര്‍ധന നിഷേധിച്ചതിന്റെ പേരിലാണ് വിവിധ യൂണിയനുകളുടെ പണിമുടക്ക്. ആദ്യദിവസം യുണൈറ്റ് അംഗങ്ങളാണ് രണ്ടു ഷിഫ്റ്റുകളിലായി പണിമുടക്കിയത്. ബ്രിട്ടനില്‍ രാവിലെ ഏഴുമുതല്‍ 11 വരെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെയുമാണ് ആദ്യദിവസം പണിമുടക്ക് നടന്നത്. മറ്റ് സംഘടനകള്‍ വരുംദിവസങ്ങളില്‍ പണിമുടക്ക് നടത്തും.

അതേസമയം, മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്സുമാര്‍ പണിമുടക്കില്‍ നേരിട്ടു പങ്കെടുക്കുന്നില്ല. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേയുള്ള നടപടികളെക്കുറിച്ചുള്ള ഭയമാണ് മലയാളി നഴ്സുമാരെ സമരത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. എന്നാല്‍ പണിമുടക്ക് നടക്കുന്ന സമയയത്തെ ഡ്യൂട്ടി മറ്റ് സമയത്തേക്ക് മാറ്റി പലരും സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ടണ്ട്. അതേസമയം, ചിലയിടങ്ങളില്‍ മലയാളി നഴ്സുമാര്‍ സമരത്തില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓരോപ്രദേശത്തും ഓരോ ദിവസമാണ് സമരമെങ്കിലും രാജ്യത്തെ ആരോഗ്യമേഖലയില്‍ ഇതിന്റെ പ്രത്യാഘാതം ഓരാഴ്ചയോളമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ യൂണിയനുകള്‍ക്കൊപ്പം ആദ്യമായാണ് റോയല്‍ കോളജ് ഓഫ് മിഡ്വൈവ്സും സമരത്തില്‍ പങ്കെടുക്കുന്നത്. നഴ്സുമാരും മിഡ്വൈഫുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമടക്കം നാലുലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

അത്യാവശ്യസര്‍വീസുകളായ ആംബുലന്‍സ്, ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി (എ ആന്‍ഡ ്ഇ) എന്നിവയെയും സമരം പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതര്‍ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍