ചരിത്രത്തിലാദ്യമായി ജര്‍മനി പോളണ്ടിനോടു തോറ്റു
Monday, October 13, 2014 7:40 AM IST
വാഴ്സോ: ലോക ചാമ്പ്യന്മാരായ ജര്‍മനി ചരിത്രത്തിലാദ്യമായി പോളണ്ടിനോടു ഫുട്ബോല്‍ മത്സരത്തില്‍ തോറ്റു. യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്മാരെ എതിരില്ലാത്ത രണ്ടു ഗോളിന് അട്ടിമറിക്കുകയായിരുന്നു പോളണ്ട്.

51-ാം മിനിറ്റില്‍ അല്‍ക്കാഡിയസ് മിലിക് നേടിയ ഗോളിലൂടെ ലീഡ് നേടിയ പോളണ്ട്, സെബാസ്റ്യന്‍ മിലയുടെ ഗോളിലൂടെ ലോക ചാമ്പ്യന്മാരുടെ മാനവും കവര്‍ന്നെടുത്തു.

1998നു ശേഷം ജര്‍മനി ഏതെങ്കിലും ലോകകപ്പ്, യൂറോ കപ്പ് യോഗ്യതാ മത്സരം വിദേശത്ത് തോല്‍ക്കുന്നതും ഇതാദ്യം. ജര്‍മനിയുമായി, അല്ലെങ്കില്‍ പഴയ പശ്ചിമ ജര്‍മനിയുമായി ഇതിനു മുമ്പ് പതിനെട്ടു തവണയാണ് പോളണ്ട് കളിച്ചിട്ടുള്ളത്. അതില്‍ പന്ത്രണ്ടും തോറ്റപ്പോള്‍, ആറെണ്ണത്തില്‍ സമനില പിടിച്ചു. അവസാനത്തെ ആറു മത്സരങ്ങളില്‍ ജര്‍മനിക്കെതിരേ അവര്‍ ആകെ നേടിയിട്ടുള്ളത് ഒരേയൊരു ഗോള്‍.

യൂറോ കപ്പ് യോഗ്യതാ റൌണ്ടിലെ ഗ്രൂപ്പ് ഡിയില്‍ ഇപ്പോള്‍ ആറു പോയിന്റ് വീതം നേടിയ പോളണ്ടും അയര്‍ലന്‍ഡുമാണ് ലീഡ് ചെയ്യുന്നത്. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ഗോളടിക്കാന്‍ അറിയുന്ന താരങ്ങളില്ലാതെ പോയതാണ് പോളണ്ടിനെതിരായ ജര്‍മനിയുടെ പരാജയത്തിനു കാരണം. 2012ലെ യൂറോ കപ്പ് സെമിഫൈനലില്‍ ഇറ്റലിയോടു തോറ്റ അതേ മൈതാനത്ത് മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരം കൂടിയായി അവര്‍ക്ക്. വേള്‍ഡ് കപ്പ് നേടിയതിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ജര്‍മനി അര്‍ജന്റീന സൌഹൃദ മല്‍സരത്തിലും ജര്‍മനി തോറ്റിരുന്നു.

വേള്‍ഡ് കപ്പ് നേടിയതിനുശേഷം ഫിഫാ റാങ്കിംഗില്‍ ഒന്നാമതാണ് ജര്‍മനിയുടെ സ്ഥാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍