പനോരമ ഈദ്-ഓണം സംഗമം നടത്തി
Monday, October 13, 2014 7:35 AM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ ഈദ്-ഓണം സംഗമം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. സെക്രട്ടറി മെഹബൂബ് പത്തനംതിട്ടയുടെ ഖുറാന്‍ പരായണത്തോടെ ആരംഭിച്ച പരിപാടി ചെയര്‍മാന്‍ സെബി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും അഭിഭാഷകനുമായ കെ.വൈ സുധീന്ദ്രന്‍ ഈദ്-ഓണം സന്ദേശം നല്‍കി.

ത്യാഗവും സ്നേഹത്തിലധിഷ്ഠിതമായ സഹവര്‍ത്തിത്വവും സമൂഹത്തിന്റെയും മാനവരാശിയുടേയും നിലനില്‍പ്പിനും സമാധാനത്തിനും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ത്യാഗ മനോഭാവം ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ പ്രധാനം ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സി.എം സുലൈമാന്‍ ആശംസ നേര്‍ന്നു.

പനോരമ അംഗങ്ങളുടെ കുട്ടികളില്‍ പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ വിജയിച്ചവര്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. അന്‍സു എല്‍സ തോമസ്, മരിയ അല്‍ഫോന്‍സ, സെബി, ആഷ്ലി ബോബന്‍, പുണ്യ ശ്രീകുമാര്‍ എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ റെജി സാമുവല്‍, കെ. രാധാകൃഷ്ണന്‍, രാജു ജോര്‍ജ്, ജോണ്‍സണ്‍ സാമുവല്‍ എന്നിവര്‍ വിതരണം ചെയ്തു.

ആര്‍ട്സ് സെക്രട്ടറി ജോസ് തോമസിന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികളില്‍ സ്വപ്ന ജോണ്‍സണ്‍ ചിട്ടപ്പെടുത്തി. ജൂഡിത്ത്, കരോള്‍, ജെസിക്ക, ഐറിന്‍, കൃപ, സ്റെഫി തുടങ്ങിയവര്‍ അവതരിപ്പിച്ച തിരുവാതിര, സതീഷ് മോഹന്‍ അവതരിപ്പിച്ച മിമിക്രി, പ്രവീണയും പവിത്രയും അവതരിപ്പിച്ച നൃത്തം, ഷിനോജ് പാര്‍ഥസാരഥി, ജൂഡിത്ത്, ജോയല്‍ എന്നിവരുടെ ഗാനങ്ങള്‍ തുടങ്ങിയവ പരിപാടിക്ക് മിഴിവേകി. ബിനു മരുതിക്കല്‍, ബേബിച്ചന്‍ ഇലന്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തയാറാക്കിയ ഓണസദ്യയും ജേക്കബ് മാരാമണ്‍ നേതൃത്വം നല്‍കിയ മാവേലി എഴുന്നള്ളത്തും പത്തനംതിട്ടയെക്കുറിച്ചുള്ള ഡോക്കുമെന്ററിയും പ്രവാസികള്‍ക്ക് ഗൃഹുതുരത ഉണര്‍ത്തിയ ഓര്‍മകള്‍ സമ്മാനിച്ചു.

കരിയന്‍ ഗൈഡന്‍സ് സെല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ സാമുവല്‍ അവതരിപ്പിച്ച പത്തനംതിട്ടയെക്കുറിച്ചുള്ള പ്രശ്നോത്തരി ശ്രദ്ധേയമായി. മെഗാ നറുക്കെടുപ്പില്‍ ലീന സെബി വിജയിയായി.

സെക്രട്ടറി റോയ് കുഴിക്കാല സ്വാഗതവും കണ്‍വീനര്‍ ബിനു മരുതിക്കല്‍ നന്ദിയും പറഞ്ഞു. ഷാജി സീതത്തോട്, ബിനു മാമ്മന്‍, അനില്‍ മാത്യൂസ്, റോബി സാമുവല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം