ബ്രസീലില്‍ ദേശീയാഘോഷമായി കറുത്ത മാതാവിന്റെ തിരുനാള്‍
Monday, October 13, 2014 5:27 AM IST
സംപൌളോ: ബ്രസീലുകാര്‍ ഏറ്റവുമധികം ആരാധിക്കുന്ന കറുത്തമാതാവിന്റെ പെരുന്നാള്‍ ഭക്ത്യാദരവോടെ ആഘോഷിച്ചു. ഞായറാഴ്ച സംപൌളോയിലുള്ള ഔര്‍ ലേഡി ഓഫ് അപരസിത (കറുത്ത മാതാവിന്റെ) ബസലിക്കയില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുനാള്‍ ആഘോഷത്തിന് തടിച്ചുകൂടിയത്. ഒരുമാസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷപരിപാടികളില്‍ പ്രധാനതിരുനാള്‍ ഒക്ടോബര്‍ 12 നാണ്. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള വിശ്വാസികള്‍ കാല്‍നടയായും അല്ലാതെയും മാതാവിന്റെ അനുഗ്രഹം തേടി ഇവിടെയെത്തുന്നു.

സംപൌളോ നഗരത്തില്‍നിന്നും റിയോയിലേക്കുള്ള എക്സ്പ്രസ് പാതയിലാണ് ബ്രസീലുകാരെ കാത്തരുളുന്ന മാതാവിന്റെ ബസലിക്ക. കറുത്ത മാതാവിനോടു പ്രാര്‍ഥിച്ചാല്‍ ഉദിഷ്ടകാര്യം നടക്കുമെന്നാണ് ബ്രസീലുകാരുടെ വിശ്വാസം. ലോകപ്രശസ്ത ഫുട്ബോള്‍ താരങ്ങള്‍ ഇവിടുത്തെ നിത്യ സന്ദര്‍ശകരാണ്്. 2002 ലോകകപ്പ് ഫുട്ബോളില്‍ സുവര്‍ണപാദുകം നേടിയ ഇതിഹാസതാരം റൊണാള്‍ഡോ തനിക്കു ലഭിച്ച പുരസ്കാരം കറുത്ത മാതാവിനു കാഴ്ചവച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഏക്കറുകളോളും വിശാലമായി കിടക്കുന്ന പള്ളി ഏവരെയും അദ്ഭുതപ്പെടുത്തും. 45000 പേര്‍ക്ക് ഒരുമിച്ച് കുര്‍ബാന കാണാനുള്ള സൌകര്യമാണ് പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത. ബ്രസീലിലെ ഏറ്റവും വലിയ പള്ളിയാണ് കറുത്ത മാതാവിന്റെ ഈ ദേവാലയം. റോമന്‍ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന അപരസിത പള്ളിയിയിലേക്ക് സ്വീകരിക്കുന്നത് ബൈബിള്‍ കഥാപാത്രങ്ങളുടെ വലിയ രൂപങ്ങളാണ്. പള്ളിയുടെ ഇരുവശങ്ങളിലുമായി മുകളില്‍ ഇവ സ്ഥിതിചെയ്യുന്നു. പള്ളിക്കുള്ളിലേക്കു കയറുമ്പോള്‍ത്തന്നെ വിശ്വാസിക്ക് ആത്മീയതയുടെ പാരമ്യത അനുഭവവേദ്യമാകും. ആയിരക്കണക്കിന് വിശ്വാസികള്‍ നിറകണ്ണുകളോടെ പ്രാര്‍ഥിക്കുന്നു. ഭിത്തിയോട് ചേര്‍ന്നുള്ള കറുത്ത മാതാവിന്റെ രൂപത്തിന് ഏതാണ്ട് രണ്ടി ഉയരമാണുള്ളത്. പ്രകാശവലയത്തില്‍ കുടികൊള്ളുന്ന മാതാവിന്റെ രൂപം മനസിനും ശരീരത്തിനും ഉണര്‍വുനല്‍കും. കുട്ടികളും മുതിര്‍ന്നവരും പ്രായമേറിയവരുമൊക്കെ ഒരുപോലെ മാതാവിനെ വണങ്ങുന്നു.

ഈ മാതാവിന്റെ രൂപം ഇവിടെ പ്രതിഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഐതീഹ്യമിങ്ങനെയാണ്: 1717ല്‍ പരായിബ നദിയില്‍ മത്സ്യബന്ധനത്തിനുപോയ മൂന്നു പേര്‍ മീന്‍ പിടിക്കുമ്പോള്‍ വലയില്‍ ഒരു കറുത്ത രൂപം കുടുങ്ങി. തലയുണ്ടായിരുന്നില്ല. അവര്‍ക്ക് അതെന്തെന്നു മനസിലായില്ല. രൂപം വള്ളത്തില്‍വച്ച് വീണ്ടും വലയെറിഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ തലയും വലയില്‍ കുടുങ്ങി. ഉടലും തലയും കൂട്ടിയോജിപ്പിച്ചപ്പോള്‍ മാതാവിന്റെ രൂപമായി. വെള്ളത്തില്‍ വളരെക്കാലം കിടന്നതിനാല്‍ കറുത്ത രൂപമായിരുന്നു ഇത്. മാതാവിന്റെ അങ്കിയുടെ നിറം നീലയാണ്. അതു കുറേക്കാലം വെള്ളത്തില്‍ കിടന്നതിനാല്‍ കറുത്തുപോയതായിരിക്കാമെന്ന് പഠനത്തില്‍ തെളിഞ്ഞുവത്രേ. രൂപത്തെ പരായിബ നദിയുടെ തീരത്തുതന്നെ പ്രതിഷ്ഠിച്ചു. ആദ്യം ഒരു കപ്പേളയായിരുന്നു ഇത്. പിന്നീട് വിശ്വാസികളേറിയതോടെ പള്ളിയായി മാറി. ഒടുവില്‍ ബസലിക്കയുമായി. തികച്ചും ഗ്രാമീണമായ അന്തരീക്ഷമായിരുന്നു ഒരു കാലത്തെങ്കില്‍ ഇപ്പോള്‍ ഇവിടം വലിയ ടൌണ്‍ഷിപ്പായി മാറി. ബ്രസീലില്‍ മാതാവിന്റെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമാണ് ഔര്‍ ലേഡി ഓഫ് അപ്പരസിത ബസലിക്ക. ബ്രസീലിന്റെ മാധ്യസ്ഥയാണ് അപ്പരസിതയിലെ കറുത്ത മാതാവ്. മാതാവിനെ നദിയില്‍നിന്നു ലഭിച്ച ദിനമായ ഒക്ടോബര്‍ 12 ആണ് തിരുനാള്‍ ആയി ആഘോഷിക്കുന്നത്. ഈ ദിവസം ബ്രസീലില്‍ ദേശീയ അവധിയാണ്.

അടുത്ത കാലത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകതാല്‍പര്യത്തോടെ ഇവിടെ വന്നു. ക്രൈസ്തവരുടെ ലോക യൂത്ത് മീറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാര്‍പാപ്പ. അക്കൂട്ടത്തില്‍ കുര്‍ബാന കഴിക്കാനുള്ള ഭാഗ്യം ഈ ലേഖകന് ലഭിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു. 1980ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇവിടെത്തുകയുണ്ടായി. മാര്‍പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്ത സ്ഥലത്തു കുര്‍ബാനചെല്ലാന്‍ ലഭിച്ച അവസരത്തെ വളരെ അമൂല്യമായി കാണുന്നു.

ക്രൈസ്റ് ദ റഡീമര്‍ അടക്കം ബ്രസീലിലെ വിവിധ പള്ളികളില്‍ ഈ മാതാവിന്റെ രൂപത്തിന്റെ മാതൃക പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ലേഖകന്‍ വികാരിയായ സംപൌളോയിലെ സെന്റ് ഇസബേല്‍ പള്ളിയില്‍ പ്രതിഷ്ടിച്ചിരിക്കുന്നതും കറുത്തമാതാവിനെയാണ്. ഇവിടെയും ഒക്ടോബര്‍ 12 ന് തിരുനാള്‍ ആഘോഷിച്ചു. ഇവിടെയെത്തുന്ന നൂറുകണക്കിന് വിശ്വാസികള്‍ക്ക് ഭക്ഷണം തികച്ചും സൌജന്യമായി നല്‍കും. ഇടവകയിലെ വിശ്വാസികള്‍ സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ പാകം ചെയ്തു നല്‍കുകയാണ് ചെയ്യുന്നത്. നൂറുകണക്കിന് കുട്ടികള്‍ മാലാഘമാരുടെ വേഷത്തില്‍ പള്ളിയിലെത്തി. ഗായകരുടെ വന്‍സംഘം പാട്ടുകള്‍ പാടി ആഘോഷചടങ്ങുകളെ സംഗീതസാന്ദ്രമാക്കി. ഉത്സവഛായ പകര്‍ന്ന് നഗരവീഥികള്‍ക്ക് അലങ്കരിച്ചു. ഇടവക കൂട്ടായ്മയാണ് ഇതൊക്കെ ചെയ്യുന്നത്. ബ്രസീലില്‍ വന്ന ഒരാള്‍ ഒരിക്കലെങ്കിലും ഈ പെരുന്നാളില്‍ പങ്കെടുത്താല്‍ അതു ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നു തീര്‍ച്ച.

റിപ്പോര്‍ട്ട്: ഫാ. ജയിംസ് വാരണം