സഭ 'ഗുരുനാദം' സംഗീത സദസ് സംഗീതസാന്ദ്രമായി
Monday, October 13, 2014 5:02 AM IST
കുവൈറ്റ്: കുവൈറ്റ് ഭാരതീയ ശാസ്ത്രീയ കലകളുടെ ഉന്നമനത്തിനും പ്രാദേശിക പ്രചാരണത്തിനുമായി പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ 'സഭ' ഗുരുനാദം എന്ന പേരില്‍ പ്രഫ. മാവേലിക്കര പി. സുബ്രമണ്യം നേതൃത്വം നല്‍കിയ സംഗീത കച്ചേരി അവതരിപ്പിച്ചു. പ്രഫ. തിരുവിഴാ ഉല്ലാസ് (വയലിന്‍), പെരുന്ന ഹരികുമാര്‍ (മൃദംഗം), രാഗേഷ് രാമകൃഷ്ണന്‍ (ഘടം) എന്നിവര്‍ പക്കവാദ്യങ്ങളില്‍ അകമ്പടിയേകി.

നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് വിജയദശമി ദിനത്തില്‍ വിദ്യാരംഭം നടന്നു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. രാജേഷ് നായര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു. സാല്‍മിയ ഇന്ത്യന്‍ കണ്യൂണിറ്റി സ്കൂള്‍ (ജൂണിയര്‍) അങ്കണത്തില്‍ നടന്ന സംഗീത സായാഹ്നം അഞ്ചു സംഗീത വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ലോകത്തെമ്പാടും വ്യാപിച്ച ശിഷ്യ സമ്പത്തുള്ള പ്രഫ. മാവേലിക്കര സുബ്രഹ്മണ്യം പ്രഫ. തിരുവിഴാ ഉല്ലാസ് എന്നിവര്‍ക്ക് കുവൈറ്റിലെ ശിഷ്യരും സംഗീത വിദ്യാര്‍ഥികളും ചേര്‍ന്ന് ഗുരുവന്ദനം ചെയ്തു.

ശുദ്ധമായ കര്‍ണാടക സംഗീതത്തിന്റെ ഉത്തമമായ ആലാപന ശൈലിയിലൂടെ പ്രഫ. സുബ്രഹ്മണ്യം, ആസ്വാദക ഹൃദയങ്ങളില്‍ ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യ വഴികളിലെ വര്‍ണക്കാഴ്ചകള്‍ വരച്ചിട്ടു. അവതരണാധിഷ്ടിതമായ അകമ്പടിയേകി വയലിനില്‍ പ്രഫ. തിരുവിഴ ഉല്ലാസ്, മൃദംഗത്തില്‍ പെരുന്ന ഹരികുമാര്‍, ഘടത്തില്‍ രാഗേഷ് രാമകൃഷ്ണന്‍ എന്നിവര്‍ മികവു തെളിയിച്ചു.

'സഭ' ചെയര്‍മാന്‍ വിജയ് കാരയില്‍ ആസ്വാദകരെ അഭിസംബോധന ചെയ്തുകൊണ്ട്, കലാകാരന്മാര്‍ സാധാരണക്കാര്‍ക്കും ദൈവത്തിനും ഇടയിലുള്ള സംചാലകരാണെന്ന് അഭിപ്രായപ്പെട്ടു. അല്‍ ജാബര്‍ യുണിവേഴ്സിറ്റി സംഗീത കോളജ് ഡയറക്ടര്‍ ഡോ. സല്‍മാന്‍ അല്‍ ബലൂഷി, ഉന്നത വിദ്യാഭ്യാസ വകുപ്പ് കംപ്യൂട്ടര്‍ വിഭാഗം തലവനും വാദ്യ കലാകാരനുമായ ആമിദ് ഹസന്‍, വിദ്യാഭ്യാസ വകുപ്പ് സംഗീത വിഭാഗം മേധാവി ഡോ അസ്മ അല്‍ ഈദ്, അല്‍ ജാബര്‍ യുണിവേഴ്സിറ്റി സംഗീത കോളജ് അധ്യാപകരായ പ്രഫ. ആല്‍ഫ്രഡ് ഗമീല്‍, ഡോ. സഹര്‍ മല്‍ഹം, ഹെസ്റ്റൊന്‍ സീനിയര്‍ എന്‍ജിനിയര്‍ കണ്ണന്‍ തുടങ്ങിയവര്‍ കലാകാരന്മാരെ ആദരിച്ചു. ഭാരതീയ സംഗീതം ഇന്ത്യന്‍ സദസുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ലെന്നും സംഗീത പ്രേമികളായ കുവൈറ്റി പൌരന്മാര്‍ ഇന്ത്യന്‍ സംഗീതത്തെ വളരെയേറെ ആദരിക്കുന്നുവെന്നും ഡോ.സല്‍മാന്‍ പറഞ്ഞു. അല്‍ ജാബര്‍ യുണിവേഴ്സിറ്റിയില്‍ ഭാരതീയ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിന്നു വരുന്ന സംഗീതജ്ഞരെ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷ്മി സുരേഷ്, പുഷ്പാ സുബ്രഹ്മണ്യം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. 'സഭ'യുടെ അഞ്ചാമത് പരിപാടി, ഡിസംബര്‍ 12 ന് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കര്‍ണാടക ഹിന്ദുസ്ഥാനി സംഗീതങ്ങളുടെയും ഭരതനാട്യം ഒഡീസി നൃത്തങ്ങളുടെയും ജുഗല്‍ബന്ദി ആയിരിക്കും അഞ്ചാമത് സഭയെന്ന് ചീഫ് കോഓര്‍ഡിനേറ്റര്‍ മധു നായര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍