യുക്മയുടെ റീജിയണല്‍ കലാമേളക്ക് തിരിതെളിഞ്ഞു
Saturday, October 11, 2014 8:11 AM IST
ലണ്ടന്‍: നവംബര്‍ എട്ടിന് നടക്കുന്ന യുക്മ ദേശീയ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ക്ക് തുടക്കമായി. പുതുതായി രൂപം കൊണ്ട സൌത്ത് വെസ്റ് റീജിയന്‍ ആണ് ആദ്യ കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഡോര്‍സെറ്റ് മലയാളി അസോസിഷന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന കലാമേളയുടെ ഉദ്ഘാടനവും സൌത്ത് വെസ്റ് റീജിയണിന്റെ ഔദ്യോഗിക ഉദ്ഘാടനവും യുക്മ ദേശീയ പ്രസിഡന്റ് വിജി കെ.പി. നിര്‍വഹിച്ചു. റീജിയണല്‍ പ്രസിഡന്റ് സുജു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ്, ദേശീയ നിര്‍വാഹക സമിതി അംഗം സജീഷ് ടോം എന്നിവര്‍ പ്രസംഗിച്ചു. ഡിഎംഎ പ്രസിഡന്റ്് സാജന്‍ ജോസ് സ്വാഗതവും റീജിയണല്‍ ജനറല്‍ സെക്രട്ടറി രവീഷ് ജോണ്‍ നന്ദിയും പറഞ്ഞു.

13 അംഗ അസോസിയേഷനുകളുള്ള സൌത്ത് വെസ്റ് റീജിയണല്‍ കലാമേളയില്‍ ഇരുനൂറോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട്. ആവേശകരമായ മത്സരങ്ങള്‍ നാല് സ്റേജുകളിലായാണ് നടക്കുന്നത്. കൃത്യ സമയത്ത് തന്നെ മത്സരങ്ങള്‍ ആരംഭിക്കുവാന്‍ സാധിച്ചതിനാല്‍ വൈകുന്നേരം ആറോടെ സമാപന സമ്മേളനം നടത്തുവാന്‍ സാധിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ജനകീയ സംഘടനയായ യുക്മയെ ഇല്ലതാക്കുവാനുള്ള ശ്രമങ്ങള്‍ യുകെയിലെ മലയാളി സമൂഹം തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ദേശീയ പ്രസിഡന്റ് വിജി കെ.പി. പ്രസ്താവിച്ചു.

റിപ്പോര്‍ട്ട്: ബാല സജീവ് കുമാര്‍