വിശ്വാസ സംരക്ഷണത്തിന് ത്യാഗ സന്നദ്ധത അനിവാര്യം: സിംസാറുല്‍ ഹഖ് ഹുദവി
Saturday, October 11, 2014 8:09 AM IST
മനാമ: വിശ്വാസ സംരക്ഷണത്തിന് ത്യാഗ സന്നദ്ധത അനിവാര്യമാണെന്നും പൂര്‍വ സൂരികളുടെ ചരിത്രപാഠങ്ങള്‍ അതാണ് നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി ദുബൈ അഭിപ്രായപ്പെട്ടു.

വിശുദ്ധ ഇസ്ലാമിന്റെ ആവിര്‍ഭാവത്തിലുണ്ടായ അവസ്ഥയിലേക്ക് തന്നെ ഇസ്ലാം മടങ്ങുമെന്ന് തിരുനബി(സ)അരുളിയിട്ടുണ്ട്. അന്ത്യനാളടുക്കും തോറും താന്‍ ഒരു വിശ്വാസിയാണെന്ന് വെളിപ്പെടുത്തി ജീവിക്കാന്‍ കഴിയാത്ത ഒരു സാഹചര്യമാണ് വരാനിരിക്കുന്നത്.

ആ സാഹചര്യങ്ങളിലെല്ലാം പ്രലോഭനങ്ങളില്‍ വീണുപോകാതെ ആദര്‍ശത്തിലടിയുറച്ചു ജീവിക്കുന്നവര്‍ക്കു മാത്രമേ പരലോക മോഷം സാധ്യമാവുകയുള്ളൂവെന്നും അതിനാല്‍ ഹിദായത്ത് നേടിയവരായി ജീവിച്ചുമരിക്കാനാണ് വിശ്വാസികള്‍ പ്രാര്‍ഥിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പൂര്‍വ സൂരികള്‍ സഹിച്ച ത്യാഗം ഇന്ന് നമുക്ക് അനുഭവിക്കേണ്ടി വരുന്നില്ല. വിശുദ്ധ കഅ്ബാ ശരീഫിന്റെ സമീപം പോലും അവര്‍ക്ക് രക്ഷയുണ്ടായിരുന്നില്ല. താന്‍ വിശ്വാസിയാണെന്ന കാര്യം കഅദ്ധ്ബാലയത്തിനു സമീപം പ്രഖ്യാപിച്ചപ്പോഴാണ് പ്രവാചകന്റെ ഉറ്റ സുഹൃത്തായ സിദ്ധീഖ് (റ) നെ ശത്രുക്കള്‍ അവിടെയിട്ടു ചവിട്ടിമെതിച്ചത്.

ഇന്നു നാം ത്യാഗം സഹിക്കേണ്ടതു മാര്‍ഗഭ്രംശം സംഭവിക്കാതിരിക്കാനാണ്. അനിയന്ത്രിതമായ സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തിലൂടെ ഹിദായത്ത്(സ്വര്‍ഗം) നഷ്ടപ്പെടുന്ന ദുരവസ്ഥയാണിന്ന് കാണുന്നത്. നല്ല കൂട്ടുകാരനുമായി കൂട്ടുകൂടുകയെന്ന പോലെ ഫ്രന്റ്സ് റിക്വസ്റുകളുടെ കാര്യത്തിലും നാം ജാഗ്രത പാലിക്കണം. അസൂയ, അഹങ്കാരം പോലുള്ള ഹൃദയരോഗങ്ങള്‍ കൊണ്ടും ധനം, സ്ത്രീ, ലഹരി എന്നിവ മൂലവുമാണ് കഴിഞ്ഞ കാലങ്ങളിലൊക്കെയും സ്വര്‍ഗ ഭ്രംശം വന്നു പോയതെന്നും പ്രവാസ ലോകത്ത് വിശ്വാസികള്‍ കരുതിയിരിക്കേണ്ടതും ഇവ തന്നെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ചടങ്ങ് സമസ്ത ബഹ്റിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശരീരഭാഗങ്ങള്‍ക്ക് ചികിത്സ തേടുന്നതുപോലെ തന്നെ പ്രധാനമാണ് വിശ്വാസികള്‍ക്ക് ആത്മീയ ചികിത്സയെന്നും അതിന് സ്വലാത്തും ദിക്റുകളും അധികരിപ്പിക്കേണ്ടതുണ്െടന്നും സ്വലാത്തിന്റെ നേട്ടവും ശ്രേഷ്ഠതകളും വിവരിക്കുകയാണ് സ്വലാത്ത് വാര്‍ഷികം കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ പുരുഷ ഭേദമന്യെ ബഹ്റിനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ വിശ്വാസികളെ കൊണ്ട് സമ്മേളന സ്ഥലം അക്ഷരാര്‍ഥത്തില്‍ വീര്‍പ്പു മുട്ടി. അര്‍ദ്ധരാത്രി പിന്നിട്ട് നടന്ന പ്രഭാഷണത്തിലും സമൂഹ പ്രാര്‍ഥനയിലും പങ്കെടുത്താണ് വിശ്വാസികള്‍ പിരിഞ്ഞത്.

ചടങ്ങില്‍ ഏരിയ പ്രസിഡന്റ് കാവനൂര്‍ മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അല്‍ ഹാഫിള്‍ ഷറഫുദ്ദീന്‍ കണ്ണൂര്‍ ഖിറാഅത്ത് നടത്തി. ഉമറുല്‍ ഫാറൂഖ് ഹുദവി, ശമീര്‍ വയനാട് (കെഎംസിസി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമസ്ത കേന്ദ്ര ഏരിയാ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. മുഹമ്മദലി ചങ്ങരംകുളം സ്വാഗതവും ഷഹീര്‍ എടച്ചേരി നന്ദിയും പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക് 34141802, 35512277.