പ്രവാസി സംരംഭകര്‍ക്ക് ഫ്രീ സോണ്‍ അനുവദിക്കണമെന്ന് നവയുഗം തുഖ്ബ നോര്‍ത്ത് യൂണിറ്റ് സമ്മേളനം
Saturday, October 11, 2014 6:03 AM IST
അല്‍കോബാര്‍ : നവയുഗം അല്‍കോബാര്‍ തുഖ്ബ നോര്‍ത്ത് യുണിറ്റ് രൂപവത്കരിച്ചു. നിസാര്‍ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യുണിറ്റ് രൂപീകരണ യോഗം നവയുഗം കേന്ദ്ര കമ്മിറ്റി അംഗം റെജിലാല്‍ പട്ടത്താനം ഉദ്ഘാടനംചെയ്തു. അല്‍കോബാര്‍ മേഖലാ രക്ഷാധികാരി ജമാല്‍ വല്ലിയപള്ളി സംഘടനാ വിശദീകരണം നടത്തി. അബ്ദുള്‍ റഹീം ചവറ സ്വാഗതവും പന്മന സലിം നന്ദിയും പറഞ്ഞ യോഗത്തില്‍ കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ഉണ്ണി പൂചെടിയില്‍, അല്‍കോബാര്‍ മേഖലാ സെക്രടറി എം.എ. വാഹിദ് കാര്യാറ, കേന്ദ്ര കമ്മിറ്റി അംഗം സുബി വര്‍മ പണിക്കര്‍, ജോണ്‍ ചെറിയാന്‍ എന്നിവര്‍ രൂപീകരണ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് പ്രസംഗിച്ചു.

പ്രവാസഭൂമിയില്‍ ദീര്‍ഘകാലം തൊഴില്‍ ചെയ്ത് സമ്പാദിച്ച മുഴുവന്‍ തുകയും സമാഹരിച്ച്, ഇവിടുന്ന് തൊഴില്‍ നഷ്ടപെട്ടോ സ്വന്തം കുടുംബത്തോടൊപ്പം കഴിയാമെന്ന ആഗ്രഹത്താലോ ആണ് പ്രവാസികള്‍ നാട്ടില്‍ ഉപജീവനത്തിനായ് സംരംഭം തുടങ്ങുന്നത്. എന്നാല്‍ നിയമ കുരുക്കുകളിലും ചുവപ്പ് നാടയിലും കുടുങ്ങി പലപ്പോഴും മുടക്കിയ തുക മുഴുവനായും നഷ്ടമാകുന്ന അനുഭവമാണ് ഇവര്‍ക്ക് നേരിടേണ്ടിവരുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിലും പ്രവാസി പുനരധിവാസം കാര്യക്ഷമമായി നടപ്പാക്കുന്നതിനും പ്രവാസി സംരംഭകര്‍ക്ക് പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കണമെന്ന് നവയുഗം തുഖ്ബ നോര്‍ത്ത് യുണിറ്റ് രൂപീകരണ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് അവശ്യപ്പെട്ടു.

യുണിറ്റ് പ്രസിഡന്റായി അബ്ദുള്‍ റഹിം ചവറയെയും വൈസ് പ്രസിഡന്റുമാരായി അജിത്കുമാര്‍ തേവള്ളി, റഫീക് കൊട്ടുകാട് എന്നിവരെയും യുണിറ്റ് സെക്രട്ടറിയായി നിസാര്‍ കരുനാഗപ്പള്ളിയെയും ജോയിന്റ് സെക്രടറിമാരായി മന്‍സൂര്‍, മുജീബുറഹ്മാന്‍, ഹരിദാസ് ഷൊര്‍ണൂര്‍ എന്നിവരെയും ഖജാന്‍ജിയായി പന്മന സലിമിനെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം