സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത പ്രഥമ വൈദിക സമിതിയും പാസ്ററല്‍ കൌണ്‍സിലും സംഘടിപ്പിച്ചു
Friday, October 10, 2014 6:48 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതയുടെ പ്രഥമ പാസ്ററല്‍ കൌണ്‍സില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രൂപതാ കേന്ദ്ര ത്തിനടുത്തുള്ള ടുളാമറൈന്‍ ക്വാളിറ്റി എയര്‍പോര്‍ട്ട് ഹോട്ടല്‍ കോണ്‍ഫറന്‍ ഹാളില്‍ നടന്നു.

പെര്‍ത്ത്, അഡ്ലെയ്ഡ്, ഡാര്‍വിന്‍, ആലീസ് സ്പ്രിംഗ്, ടൌണ്‍സ്വില്‍, ബ്രിസ്ബെയ്ന്‍, ന്യൂകാസില്‍, സിഡ്നി, വോളഗോങ്, കാന്‍ബറ, വാഗവാഗ, പാരമാറ്റ, മില്‍ജനര, സാന്‍ഡ്ഹേസ്റ്, ബാത്ത്ഹേസ്റ്, മെല്‍ബണ്‍ തുടങ്ങിയ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 അത്മായ പ്രതിനിധികളും 18 വൈദികരും കൌണ്‍സിലില്‍ പങ്കെടുത്തു.

രൂപത വികാരി ജനറാള്‍ ഫ്രാന്‍സിസ് കോലഞ്ചേരി യോഗത്തില്‍ സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ കൌണ്‍സിലിന് തുടക്കം കുറിച്ചു.

തുടര്‍ന്ന്, ഓസ്ട്രേലിയയിലെ സീറോ മലബാര്‍ രൂപതയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെകുറിച്ചും ഭാവികര്‍മപരിപാടികളെകുറിച്ചും മാര്‍ ബോസ്കോ പുത്തൂര്‍ തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി. ക്രിസ്തീയ സഭാ വിശ്വാസത്തില്‍ അടിയുറച്ച് നിന്നുകൊണ്ട്, പൌരസ്ത്യ സഭാ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു സാക്ഷ്യ സമൂഹം കെട്ടിപ്പെടുക്കുവാനാണ് ഓസ്ട്രേലിയയിലെ സീറോ മലബാര്‍ രൂപതയിലൂടെ സഭ ശ്രമിക്കുന്നതെന്ന് പിതാവ് ഓര്‍മിപ്പിച്ചു. രൂപതയുടെ പ്രവര്‍ ത്തനങ്ങളില്‍ ഉണ്ടാകേണ്ട നിയമപരമായ ഘടനകളെകുറിച്ച് നിയമ വിദഗ്ധന്‍ ബില്‍ അവതരിപ്പിക്കുകയും കേന്ദ്രീകൃത അക്കൌണ്ടിംഗ് സിസ്റത്തിന്റെ ആവശ്യകതയെകുറിച്ച് രൂപത ഫിനാന്‍സ് കമ്മിറ്റി അംഗമായ ആന്റണി ജോസഫും കൌണ്‍സില്‍ പ്രതിനിധികളെ ബോധ്യപ്പെടുത്തി. സീറോ മലബാര്‍ സഭയെകുറിച്ച് മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍മിച്ച 'മാര്‍ഗം' എന്ന ഡോക്കുമെന്ററി പ്രദര്‍ശനത്തോടെ യോഗത്തിന്റെ ആദ്യ ദിനം സമാപിച്ചു.

ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ രണ്ടാം ദിവസത്തെ യോഗം ആരംഭിച്ചു. സീറോ മലബാര്‍ പാരമ്പര്യം ഉയര്‍ത്തി പിടിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ ഇതര കത്തോലിക്കാ സമൂഹങ്ങള്‍ക്ക് മാതൃകയാകുവാന്‍ പിതാവ് ആഹ്വാനം ചെയ്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി, മാര്‍ ബോസ്കോ പുത്തൂര്‍, വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി തുടങ്ങി പതിനെട്ട് വൈദികര്‍ സഹകാര്‍മികരായിരുന്നു.

സീറോ മലബാര്‍ സിനഡിന്റെ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരി, സീറോ മലബാര്‍ സഭയിലെ വിവിധ യുവജന സംഘടനാ പ്രവര്‍ ത്തനങ്ങളെ കുറിച്ചും ഓസ്ട്രേലിയയിലെ വ്യത്യസ്തമായ ജീവിത സാഹചര്യ ത്തില്‍ യുവജനങ്ങളെ രൂപതയുടെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഉദ്ബോധിപ്പിച്ചു.

രൂപതയുടെ മതബോധന വിഭാഗം ഡയറക്ടര്‍ ഫാ.വര്‍ഗീസ് വാവോലി, കുടുംബപ്രേഷിത വിഭാഗം ഡയറക്ടര്‍ ഫാ.സെബാസ്റ്യന്‍ മങ്കൂഴിക്കരി, ബൈബിള്‍ പ്രേഷിത വിഭാഗം ഡയറക്ടര്‍ ഫാ. ഫ്രെഡി എലവുത്തിങ്കല്‍ എന്നിവര്‍ രൂപതയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളെകുറിച്ച് ക്ളാസുകള്‍ നയിച്ചു. രൂപത കാര്യാലയത്തിന്റെ നിര്‍മാണത്തെകുറിച്ചും നടത്തിപ്പിനെകുറിച്ചും ബോസ്കോ പിതാവിന്റെയും ഫ്രാന്‍സിസ് അച്ചന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അംഗങ്ങളെല്ലാവരും സജീവമായി പങ്കെടുത്തു. രൂപതക്കുവേണ്ടതായ ഏകീകൃത ബാങ്കിംഗ് സംവിധാനത്തെകുറിച്ച് കാത്തലിക് ഡെവലപ്മെന്റ് ഫണ്ട് ജനറല്‍ മാനേജര്‍ മാത്യു കാസിന്‍ വിശദീകരിച്ചു. തുടര്‍ന്ന് കൌണ്‍സിലില്‍ ഉയര്‍ന്നുവന്ന വിവിധ ചര്‍ച്ചകളെയും ആശയങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് മാര്‍ ബോസ്കോ പുത്തൂരും ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയും സംസാരിച്ചു.

മിക്കലമിലെ രൂപത ആസ്ഥാനത്ത് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന കത്തീഡ്രലിന്റെ രൂപരേഖ ദേവാലയ നിര്‍മാണ കമ്മിറ്റി ഫിനാന്‍സ് കണ്‍വീനര്‍ അസീസ് മാത്യു അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് കെ.പി.,ഷാനി റോഡ്നി എന്നിവരെയും പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിയായി ജീന്‍ തല പ്പിള്ളിയെയും വൈദിക സമിതി സെക്രട്ടറിയായി ഫാ. ആന്റണി പേടിക്കാട്ടുകന്നേലിനെയും കൌണ്‍സില്‍ തെരഞ്ഞെടുത്തു. കൌണ്‍സില്‍ സെക്രട്ടറി ജീന്‍ തലപ്പിള്ളിയുടെ നന്ദി പ്രസംഗത്തോടെ രണ്ടു ദിവസങ്ങളായി നടന്ന കൌണ്‍സിലിന് സമാപനം കുറിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍