അനുശോചിച്ചു
Friday, October 10, 2014 6:47 AM IST
ഡാളസ്: മലങ്കര അതി ഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ സ്ഥാപക അംഗങ്ങളില്‍ ഒരാളായ സാമുവല്‍ ഫിലിപ്പോസ് (68) വാകയാര്‍, കോന്നിയുടെ നിര്യാണത്തില്‍ ഇടവകാംഗങ്ങള്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാളസില്‍ എത്തിയ സുറിയാനി ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസ, ആചാര, അനുഷ്ഠാനങ്ങളെ വരും തലമുറയ്ക്ക്, കൈമാറുകയെന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ച സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിന്റെ സ്ഥാപനത്തിനായി ആത്മാര്‍ഥമായ പരിശ്രമം നടത്തിയവരില്‍ പ്രമുഖ വ്യക്തിയാണ് സാമുവല്‍ ഫിലിപ്പോസ്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്മരണീയമാണെന്നും അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇടവക വികാരി ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ ഓര്‍മിപ്പിച്ചു. സെക്രട്ടറി മാമ്മന്‍ പി. ജോണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഡാളസിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആരംഭ കാല പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമ കൂടിയാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ സേവനമനുഷ്ഠിച്ചിട്ടുളള അദ്ദേഹം ബിസിനസ് മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്.

മറിയാമ സാമുവല്‍ (ലില്ലി) ഭാര്യയും സെല്‍ബി സാന്റി എന്നിവര്‍ മക്കളുമാണ്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍