കുവൈറ്റില്‍ വീട്ടുതടങ്കലിലായിരുന്ന യുവതി നാട്ടിലേക്ക് മടങ്ങുന്നു
Friday, October 10, 2014 6:45 AM IST
ഫഹാഹീല്‍: കുവൈറ്റിലെ അബുഹലീഫയില്‍ തൊഴിലുടമ തടങ്കലില്‍ വച്ചിരുന്ന യുവതി അടുത്ത പ്രവൃത്തി ദിവസം തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കിയതായി വിഷയത്തില്‍ ഇടപെട്ട സാമുഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

മൂന്നു വര്‍ഷം മുമ്പാണ് കോട്ടയം ഇല്ലിക്കല്‍ സ്വദേശിനിയായ അനു കുവൈറ്റിലെത്തിയത്. അറബി യുവതി നടത്തിവരുന്ന ബ്യൂട്ടിപാര്‍ലറിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ജോലി സ്ഥലത്തേക്കും റൂമിലേക്കുമല്ലാതെ പുറത്തേക്ക് പോകുവാന്‍ തൊഴിലുടമ സമ്മതിക്കില്ലായിരുന്നു. നാട്ടില്‍ നിന്നും കുവൈറ്റിലെത്തി മൂന്ന് വര്‍ഷമായിട്ടും ജോലി ചെയ്യുവാന്‍ ആളില്ലാത്തതിന്റെ പേര് പറഞ്ഞ് നിരന്തരമായി നാട്ടിലേക്ക് പോകുന്നത് തൊഴിലുടമ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അനുവിന്റെ പിതാവ് തമ്പി അപകടത്തില്‍ മരിച്ചത്. മരണ വിവരം അറിയിച്ച ബന്ധുക്കള്‍ക്ക് അനു വീട്ടുതടങ്കലിലാണ് എന്ന വിവരമാണ് ലഭിച്ചത്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ തൊഴിലുടമയുടെ കസ്റഡിയിലായിരുന്നു.

ബന്ധുക്കളുടെ കൈയില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രവാസി വകുപ്പും ഈ കാര്യം എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അടിയന്തരമായി എംബസി അധികൃതര്‍ ഇടപെടുകയാണുണ്ടായത്. എംബസിയും സാമൂഹ്യ പ്രവര്‍ത്തകരും തൊഴിലുടമയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പാസ്പോര്‍ട്ട് അടങ്ങിയ രേഖകള്‍ കൈമാറാമെന്നാണ് തൊഴിലുടമ സമ്മതിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍