ഇസ്ലാമിക് സ്റേറ്റുകാരും കുര്‍ദുകളുമായുള്ള സംഘര്‍ഷം യൂറോപ്പിലേക്കും പടരുന്നു
Thursday, October 9, 2014 7:44 AM IST
ബര്‍ലിന്‍: സുന്നി തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റേറ്റും കുര്‍ദുകളും തമ്മിലുള്ള സംഘര്‍ഷം ഇറാക്കില്‍നിന്നും സിറിയയില്‍നിന്നും യൂറോപ്പിലേക്കു പടരുന്നു. തുര്‍ക്കിയില്‍ ഇരുവിഭാഗവും തമ്മില്‍ ഉരുത്തിരിഞ്ഞ സംഘര്‍ഷത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു.

ജര്‍മനിയിലും ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങി. തുര്‍ക്കിയിലെ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ടര്‍ക്കിഷ് വംശജര്‍ ഏറെയുള്ള ജര്‍മനിയില്‍ പ്രശ്നം രൂക്ഷമായത്. ഇരു വിഭാഗങ്ങളെയും പിരിച്ചുവിടാന്‍ ഇവിടെ പോലീസ് ഇടപെട്ടു.

ഒരു മോസ്കിനു പുറത്തുവച്ചാണ് കുര്‍ദുകളും സലഫിസ്റുകളും ഏറ്റുമുട്ടിയത്. ഇരുമ്പു വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഇരുകൂട്ടരും കൈയില്‍ കരുതിയിരുന്നു. സംഘര്‍ഷത്തില്‍ പതിനാല് പേര്‍ക്ക് പരുക്കേറ്റെന്ന് പോലീസ്.

അങ്കാറയിലും ഇസ്താംബുളിലും സംഘര്‍ഷം ഉടലെടുത്തപ്പോള്‍ അക്രമികളെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. കുര്‍ദിഷ് പോരാളികള്‍ക്ക് ഇറാക്കില്‍ കൂടുതല്‍ പിന്തുണ എത്തിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് യൂറോപ്പിലെ കുര്‍ദുകളുടെ പ്രക്ഷോഭങ്ങള്‍. ഫ്രാന്‍സിലും ഇത്തരം പ്രകടനങ്ങളും ഇവര്‍ക്കെതിരായ സലാഫിസ്റ് അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍