വോക്കിംഗ് മലയാളി അസോസിയേഷന്റെ സുവനീയര്‍ 'നിറക്കൂട്' പ്രകാശനം ചെയ്തു
Thursday, October 9, 2014 4:16 AM IST
ലണ്ടന്‍: വോക്കിംഗ് മലയാളി അസോസിയേഷന്‍ 'നിറക്കൂട്' എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന സുവനീയറിന്റെ പ്രകാശനം പ്രശസ്ത സിനിമ സംവിധായകന്‍ ബോബന്‍ സാമുവല്‍ ഏഷ്യാനെറ്റ് യുറോപ്പ് ഡയറക്ടര്‍ ശ്രീകുമാറിന് കോപ്പി നല്‍കി നിര്‍വഹിച്ചു. കഴിഞ്ഞ ആഴ്ച വോക്കിംഗില്‍ നടന്ന യുക്മ ഫെസ്റിനോട് അനുബന്ധിച്ചാണ് പ്രകാശന ചടങ്ങു നടന്നത്. അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, സുവനീര്‍ ചിഫ് എഡിറ്റര്‍ ആന്റണി ഏബ്രഹാം എന്നിവരും യോഗത്തില്‍ പ്രസംഗിച്ചു. ആറു വയസു മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള അസോസിയേഷന്‍ അംഗങ്ങളുടെ രചനകളും ചിന്തകളും ചിത്രങ്ങളുമാണ് 'നിറക്കൂട്' ലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. അസോസിയേഷന്റെ രൂപീകരണം മുതല്‍ കഴിഞ്ഞ ആറു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും ഒരു സംക്ഷിപ്ത രൂപമാണ് നിറക്കൂട്. വളരെ മനോഹരമായ രീതിയില്‍ പുറത്തിറക്കിയ ഈ സുവനീയറിന്റെ അണിയറ ശില്‍പ്പികളെ ബോബന്‍ സാമുവലും ശ്രീകുമാറും യോഗത്തില്‍ അഭിനന്ദിച്ചു. ചുരുങ്ങിയ സമയം കൊണ്ട് വളരെ ഭംഗിയായി ഈ സംരംഭം പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവരെയും പ്രത്യേകിച്ച്,എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ വര്‍ഗീസ് ജോണ്‍, സിബിച്ചന്‍ ജോര്‍ജ്, ഷീബ ബിനോയി, സി.എ ജോസഫ്, ടോമിച്ചന്‍ കൊഴുവനാല്‍, മോളി ക്ളീറ്റസ്, പ്രീതി രാജേഷ് നായര്‍ എന്നിവര്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍, കമ്മിറ്റിക്കാര്‍, സുവനീയറിലേക്ക് തങ്ങളുടെ സൃഷ്ട്ടികള്‍ നല്‍കിയ അംഗങ്ങള്‍, പരസ്യ ദാതാക്കള്‍ എന്നിവര്‍ക്ക് ചീഫ് എഡിറ്റര്‍ ഏബ്രഹാം ആന്റണി നന്ദി അറിയിച്ചു.

അസോസിയേഷന്റെ ഫണ്ട് ശേഖരണാര്‍ഥം പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും ഈ ഫെസ്റിനോട് അനുബന്ധിച്ചു നടന്നു. യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ലാപ് ടോപ്, ടെലിവിഷന്‍, സൈക്കിള്‍ തുടങ്ങി വിലപിടിപ്പുള്ള പത്തോളം സമ്മാനങ്ങളാണ് ഈ റാഫിള്‍ നറുക്കെടുപ്പിലൂടെ വിതരണം ചെയ്തത്.

റിപ്പോര്‍ട്ട്: ടോമിച്ചന്‍ കൊഴുവനാല്‍