ഗവര്‍ണര്‍ ടോം കോര്‍ബറ്റിന് ഇന്ത്യന്‍ സമൂഹം ഫണ്ട് റൈസ് നടത്തി
Wednesday, October 8, 2014 5:04 AM IST
ന്യൂടൌണ്‍: അമേരിക്കയുടെ പ്രഥമ തലസ്ഥാനമായ പെന്‍സില്‍ വേനിയായുടെ ഗവര്‍ണറും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കരുത്തനായ സാരഥിയുമായ ടോം കോര്‍ബിറ്റിന്റെ വിജയത്തിനായി സെപ്റ്റംബര്‍ 27ന് (ശനി) ഇന്ത്യക്കാരുടെ നേതൃത്വത്തിലും ബക്സ് കൌണ്ടി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സഹകരണത്തിനുമായി ഫണ്ട് റൈസ് ഡിന്നര്‍ സംഘടിപ്പിച്ചു.

ഇന്ത്യക്കാര്‍ എക്കാലത്തും തന്നെ പിന്തുണച്ചിട്ടുണ്െടന്നും പെന്‍സില്‍വേനിയായ്ക്കുതന്നെ വ്യക്തമായി അറിയാമെന്നും എതിര്‍ സ്ഥാനാര്‍ഥി പറയുന്നതുപോലെ നടക്കാത്ത കാര്യങ്ങള്‍ പറയുന്നത് തനിക്ക് പറ്റിയതല്ലെന്നും നടത്താന്‍ പറ്റിയ കാര്യങ്ങള്‍ മാത്രമെ ഞാന്‍ പറയന്നൂള്ളൂവെന്നും 4.2 മില്യണ്‍ ഡോളര്‍ കമ്മി ബജറ്റും എട്ടു ശതമാനത്തിലധികം തൊഴിലില്ലായ്മയും ആയിരുന്നു 2011ല്‍ ഞാന്‍ ഹാരിസ്ബര്‍ഗില്‍ ചെല്ലുമ്പോള്‍. എന്നാല്‍ സാധാരണ ജനങ്ങളുടെ മേല്‍ പ്രത്യേക നികുതികള്‍ ഒന്നും വര്‍ധിപ്പിക്കാതെതന്നെ കമ്മി കുറയുകയും രണ്ടു ലക്ഷത്തിലധികം ജോലികള്‍ പെന്‍സില്‍വേനിയായില്‍ സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോള്‍ 5.8 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് എന്നും അദ്ദേഹം പറഞ്ഞു.

താന്‍ ആരംഭിച്ച പല പദ്ധതികളുടെയും പൂര്‍ത്തീകരണത്തിനായി ഒരു അവസരം കൂടി തന്നാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്നും സ്കൂള്‍ സിസ്റം, എനര്‍ജി, സ്വകാര്യ മേഖലയിലെ ലിക്വര്‍ വിതരണം തുടങ്ങിയവ ചിലതുമാത്രമാണെന്നും ഇന്ത്യക്കാര്‍ പ്രത്യേകിച്ച് യുവതലമുറയില്‍പെട്ടവര്‍ അമേരിക്കയിലെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ കടന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യക്കാര്‍ കുടുംബബന്ധങ്ങള്‍ക്ക് വളരെയധികം പ്രധാന്യം കൊടുക്കുന്നവരാണെന്നും അതുതന്നെയാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ മുഖമുദ്രയെന്നും ഉറച്ച കുടുംബങ്ങളിലൂടെ മാത്രമെ ആരോഗ്യകരമായ സമൂഹവും രാജ്യവും നിലനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി നിരവധി ഇന്ത്യക്കാര്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുവരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

യോഗത്തില്‍ നവംബര്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും കൂടുതല്‍ ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കണമെന്നും റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കുമാത്രമെ അമേരിക്കയെ ശരിയായ ദിശയിലേക്ക് നയിക്കാനാവുകയുള്ളൂവെന്നും 2016 ലെ പ്രസിഡന്റ് ഇലക്ഷനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. വിവിധ ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അംഗങ്ങളുടെ ഇടയില്‍നിന്നും ഗവര്‍ണര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

അമേരിക്കയിലെ ഏഖ്യന്‍ സമൂഹത്തിന് നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കുമെന്നും ശക്തിയും വളര്‍ച്ചയും ഇവിടെ നമുക്കായെന്നും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാരുടെ ശബ്ദം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇന്ത്യന്‍ സംഘടനകളും വ്യക്തികളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒന്നിച്ചു നിന്നാല്‍ മാത്രമെ അതിനു സാധിക്കുകയുള്ളൂവെന്നും ചടങ്ങില്‍ ഇന്ത്യന്‍ സമൂഹം ഒന്നടങ്കം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്