മാര്‍പാപ്പ ഫ്രാന്‍സ് സന്ദര്‍ശിക്കും
Tuesday, October 7, 2014 7:43 AM IST
പാരീസ്: ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. കത്തോലിക്കാ സഭയ്ക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ കരുത്തുള്ള രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്.

അടുത്ത വര്‍ഷത്തേക്കാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇന്നു പ്രഖ്യാപിച്ചേക്കും. ലൂര്‍ദും സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്കു താത്പര്യമുള്ളതായാണ് അറിയുന്നത്.

കഴിഞ്ഞ നവംബറില്‍ മറ്റൊരു യാത്രാ മധ്യേ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ഇറങ്ങിയിരുന്നെങ്കിലും വിശാലമായ സന്ദര്‍ശന പരിപാടികള്‍ നിശ്ചയിച്ചിരുന്നില്ല. പിന്നീട് വിശദമായ സന്ദര്‍ശനം അദ്ദേഹം അന്നു വാഗ്ദാനം ചെയ്തിരുന്നതാണ്.

ഫ്രാന്‍സിലേക്ക് ഔദ്യോഗിക പേപ്പല്‍ സന്ദര്‍ശനം നടന്നിട്ടുള്ളത് ഇതുവരെ എട്ടു തവണയാണ്. ഇതില്‍ ഏഴും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനങ്ങളായിരുന്നു.

ഗര്‍ഭഛിദ്രവും സ്വവര്‍ഗ വിവാഹവും സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമാണ് ഫ്രാന്‍സില്‍. ഇതിനിടെ കഴിഞ്ഞ ജനുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ത് വത്തിക്കാനില്‍ പോയി മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍