വിയന്നയില്‍ എല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു
Tuesday, October 7, 2014 6:23 AM IST
വിയന്ന: പരിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാളും വിയന്ന സെന്റ് ബസോലിയോസ് സിറിയന്‍ ഒര്‍ത്തഡോക്സ് ഇടവകയുടെ വാര്‍ഷികവും സെന്റ് ബാസില്‍ യാക്കോബായ പള്ളിയില്‍ ഒക്ടോബര്‍ നാല്, അഞ്ച് (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിച്ചു

ശനി വൈകിട്ട് ഏഴിന് വികാരി ഫാ. ഡോ. ബിജി ചിറത്തിലാട്ട് കാര്‍മികത്വം നല്‍കിയ സന്ധ്യാ നമസ്കാരത്തോടു കൂടി പെരുന്നാളിന് തുടക്കം കുറിച്ചു. രാത്രി ഒമ്പതിന് പൊതു സമ്മേളനവും കലാപരിപാടികളും സമ്മാനദാനവും നടന്നു.

വിയന്ന സെന്റ് ബസേലിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ നിന്നും ഈ വര്‍ഷത്തെ ഗ്രാജുവേഷന്‍ പരീക്ഷയില്‍ ഒന്നാമനായി വിജയം കൈവരിച്ച ജെല്‍മിന്‍ കക്കാട്ട് ഫാ. ഡോ. ബിജി ചിറത്തിലാട്ടിലില്‍നിന്നും പ്രത്യേക സമ്മാനം ഏറ്റുവാങ്ങി.

ഞായര്‍ 12.45 തിരുനാള്‍ കുര്‍ബാനയും റാസയും ഭക്തിനിര്‍ഭരമായി നടന്നു. ഇടവക വികാരി, കോതമംഗലം ബാവയുടെ ജീവചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുകയും ബാവയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനായി കൊച്ചു കുട്ടികളുമായി ബാവായുടെ ജീവചരിത്രത്തെകുറിച്ച് സംവാദം നടത്തുകയും ചെയ്തു.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്കുശേഷം ഇടവകാംഗങ്ങള്‍ നേതൃത്വം നല്‍കിയ സ്നേഹവിരുന്നും നടന്നു. പെരുന്നാളില്‍ സംബന്ധിച്ച ഏവര്‍ക്കും വികാരി ഫാ. ഡോ.ബിജി ചിറത്തിലാട്ടും കോഓര്‍ഡിനേറ്റര്‍ തമ്പി ഇയ്യാത്ത്കളത്തിലും പ്രത്യേകം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍