മലയാളി എഞ്ചിനിയേഴസ് അസോസിയേഷന്‍ (മീന) ഓണം ആഘോഷിച്ചു
Tuesday, October 7, 2014 4:38 AM IST
ഷിക്കാഗോ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മലയാളി എഞ്ചിനിയേഴസ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (മീന) ഓണം ആഘേഷിക്കുകയുണ്ടായി. പ്രസിഡന്റ് നാരായണന്‍ നായരുടെ നേതൃത്വത്തില്‍ മീനയുടെ ഈവര്‍ഷത്തെ ഭാരവാഹികള്‍ പ്രിയ ജസ്റ്റിന്‍, ബോബി ജേക്കബ്, സാബു തോമസ്, ജേക്കബ് നൈനാന്‍, സെക്രട്ടറി എബ്രഹാം ജോസഫ് തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ച് കലാവിരുന്നുകള്‍ക്ക് തുടക്കം കുറിച്ചു.

ഓണപൂക്കളം, യുവതികളുടെ തിരുവാതിര, ശിങ്കാരിമേളം, ഓണസദ്യ, എന്നവകൊണ്ട് മീന ഓണം 2014 സമ്യദ്ധമായിരുന്നു. കുട്ടികള്‍ക്കായി 'മാ നിഷാദ'യുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ചിത്രരചന മത്സരം ആഘോഷങ്ങള്‍ക്കു വര്‍ണ്ണം പകര്‍ന്നു.

ഡൌണേഴ്സ് ഗ്രോവിലുള്ള ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 27 ന് നടന്ന ചടങ്ങില്‍ ഇവിടെയുള്ള മലയാളി എഞ്ചിനിയേഴ്സിനെ കൂടാതെ അതിഥികളായി എത്തിയ അനേകം ഡോക്ടര്‍മാരുടെ സാന്നിദ്ധ്യവും ഇതൊരു മികവുറ്റ പ്രഫഷണല്‍സിന്റെ സംഗമമാക്കിത്തീര്‍ത്തു. ഇത്തരത്തിലുള്ള വേദികള്‍ ഇനിയും ആ തലത്തിലുള്ള സംഗമങ്ങള്‍ക്ക് വഴി ഒരുക്കും.

അമ്പതാം വാര്‍ഡില്‍ ആള്‍ഡര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷാജന്‍ കുര്യാക്കോസ്, മറുനാടന്‍ മലയാളികള്‍ രാഷ്ട്രീയത്തില്‍ പങ്കാളിത്തംവഹിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആനുകാലിക സംഭവങ്ങളെ ഉദ്ധരിച്ച് പ്രസംഗിക്കുകയുണ്ടായി. സെക്രട്ടറി എബ്രഹാം ജോസഫ് പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ആഘോഷങ്ങള്‍ക്ക് വിരാമമിട്ടു.

വടക്കേ അമേരിക്കയിലുള്ള മലയാളി എഞ്ചിനിയര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുന്നതിനും, തങ്ങളുടെ പ്രഫഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും, പ്രവാസി മലയാളികളുടെ സാമ്പത്തിക, സാമൂഹിക തലങ്ങളില്‍ സഹായിക്കുന്നതിനും മീന വേദി ഒരുക്കുന്നു. മീനയുടെ വാര്‍ഷിക വിരുന്ന് 2014 നവംബര്‍ 8 ശനിയാഴ്ച വൈകിട്ട് 5:30 ന് ഒക്ക്ബ്രൂക്കിലുള്ള ഹോളിഡെ ഇന്നില്‍ വെച്ച് നടത്തപ്പെടുന്നതാണ്. മീനയുടെ ഭാരവാഹികള്‍ അമേരിക്കയിലുള്ള എല്ലാ എഞ്ചിനിയര്‍മാരെയും കുടുംബസമേതം പ്രത്യേകമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നാരായണന്‍ നായര്‍ (പ്രസിഡന്റ്) 847 366 6785, എബ്രഹാം ജോസഫ് (സെക്രട്ടറി) 847 302 1350, സാബു തോമസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 630 890 5045. ഫിലിപ്പ് മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം