ബിഷപ് മക്കിന്‍ ടൈറിന് ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷനില്‍ ഊഷ്മള വരവേല്‍പ്പ്
Monday, October 6, 2014 4:55 AM IST
ഫിലാഡല്‍ഫിയ: ഇടയ സന്ദര്‍ശനത്തിനെത്തിയ ഫിലാഡല്‍ഫിയ അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ ജോണ്‍ മക്കിന്‍ടൈറിനു ഇന്ത്യന്‍ ലത്തീന്‍ കത്തോലിക്കാസമൂഹം സ്നേഹോഷ്മളമായ സ്വീകരണം നല്‍കി. സെപ്റ്റംബര്‍ 28-ന് ഞായറാഴ്ച്ച വൈകുന്നേരം നാലിന് ബെന്‍സേലം 1200 പാര്‍ക്ക് അവന്യൂവില്‍ സ്ഥിതിചെയ്യുന്ന സെ. എലിസബത്ത് ആന്‍ സെറ്റോണ്‍ പള്ളിയില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ ബിഷപ്പിനെ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. രാജുപിള്ള ദേവാലയ കവാടത്തില്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. മുത്തുക്കുടകളുടെയും, പരമ്പരാഗതരീതിയില്‍ ഓണക്കോടിയുടുത്ത വനിതകളുടെ താലപ്പൊലിയുടെയും അകമ്പടിയോടെ അസി. പാസ്റര്‍ റവ. ഫാ. ഷാജി സില്‍വയും, ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഭാരവാഹികളും ചേര്‍ന്ന് ബിഷപ്പിനെ ദൈവാലയത്തിലേക്ക് ആനയിച്ചു.

തുടര്‍ന്ന് അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ ബിഷപ് മക്കിന്‍ടൈര്‍ മുഖ്യകാര്‍മ്മികനും, ബന്‍സേലം സെ. അക്വിനാസ് ചര്‍ച്ച് പാസ്റര്‍ ഫാ. മൈക്കിള്‍ ഡേവിസ്, ഫാ. എഡിസണ്‍, ഫാ. റൂഡി, ഫാ. ജേക്കബ് ജോണ്‍, ഫാ. സജി എന്നീ വൈദികര്‍ സഹകാര്‍മ്മികരുമായി. ദിവ്യബലിമദ്ധ്യേ ബിഷപ് തിരുവചനസന്ദേശം നല്‍കി.

കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനം നിലവിളക്കു കൊളുത്തി അഭിവന്ദ്യ ബിഷപ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടത്തിയ അനുഗ്രഹപ്രഭാഷണത്തില്‍ നമ്മുടെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങള്‍ എന്നപോലെ തന്നെ എല്ലാ കത്തോലിക്കാ വിഭാഗങ്ങളും ആഗോളസഭക്ക് കരുത്തേകുന്നുവെന്നും, എല്ലാ സഭകളും റീത്തുവ്യത്യാസം കൂടാതെ സഹകരണത്തിലും സ്നേഹത്തിലും വളരണമെന്നും അഭിവന്ദ്യ മക്കിന്‍ടൈര്‍ ഓര്‍മ്മിപ്പിച്ചു. ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ പവര്‍പോയിന്റിന്റെ സഹായത്തോടെ ജവല്‍സണ്‍ സിമന്തി അവതരിപ്പിച്ചത് എല്ലാവരിലും അവബോധം വളര്‍ത്തുന്നതിനുപകരിച്ചു.

തിരുവോണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളവും, നെറ്റിയില്‍ ചാര്‍ത്തുന്നതിനായി ചമ്പനവും ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ചിരുന്നു. കേരളത്തനിമയില്‍ സെറ്റുടുത്ത നാരീമണികള്‍ അവതരിപ്പിച്ച തിരുവാതിര നൃത്തം ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. വിവിധ കലാപരിപാടികളുടെ ഭാഗമായി പുതുതായി രൂപീകരിക്കപ്പെട്ട കുട്ടികളുടെ ക്വയര്‍ പ്രാര്‍ത്ഥനാഗാനം ഉള്‍പ്പെടെ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. നിമ്മി ദാസ്, സജിതാ ജോസഫ്, ജെനോവ കിങ്ങിണി, സപ്ന ഓസ്റിന്‍, ദീപാ ഓസ്റിന്‍ എന്നിവര്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് എല്ലാവരും കയ്യടിയോടെ ആസ്വദിച്ചു.

ഫാ. രാജുപിള്ള, ഫാ. ഷാജി സില്‍വ എന്നിവര്‍ ആത്മീയനേതൃത്വം നല്‍കുന്ന ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഭാരവാഹികളായ റോഷന്‍ റോമിയോ (വൈസ് പ്രസിഡന്റ്), നെവിന്‍ ദാസ് (സെക്രട്ടറി), രാജു ജോസഫ് (ട്രഷറര്‍), രേണു പ്രിന്‍സ്, സംഗീത ജവല്‍സണ്‍, ബീനാ ജോര്‍ജ്, നിമ്മി ദാസ് (ക്വയര്‍), സജിതാ ജോസഫ് (ലിറ്റര്‍ജി), ഗോഷില്‍ ജോയി, അഖില ഷിനോജ് (കള്‍ച്ചറല്‍ &യൂത്ത്), ക്രിസ്റീന, ബീനാ ദാസ് എന്നിവര്‍ സ്വീകരണത്തിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ.എ.സി.എ.) ഭാരവാഹികളായ സണ്ണി പടയാറ്റില്‍, ചാര്‍ലി & മേഴ്സി ചിറയത്ത്, ഓസ്റിന്‍ ജോണ്‍ എന്നിവരും ദിവ്യബലിയിലും, സ്വീകരണത്തിലും, പൊതുസമ്മേളനത്തിലും പങ്കെടുത്തു. റോഷന്‍ റോമിയോ പൊതുസമ്മേളനത്തിന്റെ എം. സി. ആയി. ലിസ് ഓസ്റിന്‍ പൊതുസമ്മേളനവും, കലാപരിപാടികളും ക്രമീകരിച്ചു. നെവിന്‍ ദാസ് എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ അവസാനിച്ചു. ഫോട്ടോ: ഡോ. ബിജു ബേസില്‍.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍