ടിഫിനി ആന്റണി: ഭരതനാട്യത്തില്‍ ഇളം തലമുറയില്‍ നിന്നൊരു അരങ്ങേറ്റം
Saturday, October 4, 2014 8:13 AM IST
ഡാളസ്: ഭരതനാട്യത്തില്‍ ഇളം തലമുറയില്‍ നിന്നൊരു അരങ്ങേറ്റം. ഡാളസ് റൌെലറ്റില്‍ താസിക്കുന്ന കട്ടപ്പന കാഞ്ചിയാര്‍ വേണാട്ട് ജോയ് ആന്റണിയുടെയും ലൂസി ആന്റണിയുടെയും മകള്‍ ടിഫിനിയാണ് ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചത്. അഞ്ചു വയസുമുതല്‍ ഭാരതീയ നൃത്തകലകളില്‍ നൈപുണ്യം പ്രകടിപ്പിച്ച ടിഫിനി കഴിഞ്ഞ 12 വര്‍ഷമായി ചിട്ടയായി ഭരതനാട്യം അഭ്യസിച്ചുവരുന്നു. ബെല്ലാ വാസവദ (നൃത്തശാല ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്തസ്കൂള്‍) ആണ് ഗുരു.

ഗാര്‍ലന്റ്, ഗ്രാന്‍വില്ല ആര്‍ട്സ് സെന്ററില്‍ സെപ്റ്റംബര്‍ 27 നായിരുന്നു അരങ്ങേറ്റം. അതിഥികളും സുഹൃത്തുക്കളും അഭ്യൂദയകാംഷികളുമായി നാനൂറോളം പേര്‍ കൂടിയ വേദിയിലാണ് ടിഫിനി നടനവിസ്മയമായത്.

നാട്ട രാഗത്തില്‍ ഗണേശസ്തുതിയോടെ ടിഫിനി നൃത്ത പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നാട്ട കുറിഞ്ഞി രാഗത്തില്‍ അലാരിപ്പ്, സാവേരി രാഗത്തില്‍ ജതിസ്വരം, മാലിക രാഗത്തില്‍ ശബ്ദം, വസന്ത രാഗത്തില്‍ വര്‍ണം,

രേവതി താളത്തില്‍ ഭോ ശംഭോ, മാലിക രാഗത്തില്‍ മഹാലക്ഷ്മി, ആഭോഗി രാഗത്തില്‍ പദം തുടങ്ങി ധനശ്രീ രാഗത്തില്‍ തില്ലാനയും ആടി ടിഫിനി വേദിയില്‍ വിസ്മയമായി. വസന്ത രാഗത്തില്‍ മംഗളത്തോടെയാണ് മൂന്നു മണിക്കൂര്‍ നീണ്ട അരങ്ങേറ്റത്തിന് പര്യവസാനം കുറിച്ചത്. നാട്യശാസ്ത്രത്തിന്റെ മുദ്രകളും ചുവടുകളും തെറ്റാതെ ടിഫിനി അവതരിപ്പിച്ചു.

വേദിയില്‍ ഗുരു ശ്രീമതി ബെല്ലാ വാസവദയെ ആദരിച്ചു. ഡോ. എം.വി പിള്ള ഭരതനാട്യം എന്ന നാട്യകലയെപ്പറ്റി ആധികാരികമായി പ്രസംഗിച്ചു. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ബാബു മാത്യു ആശംസയര്‍പ്പിച്ചു. ജോയ് ആന്റണി നന്ദി പ്രകാശിപ്പിച്ചു. അഞ്ജലി ആന്റണി ബെനീറ്റ തോമസ് എന്നിവര്‍ എംസി ആയിരുന്നു.

കേരള അസോസിയേഷന്‍ കലാ സാഹിത്യ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുളള ടിഫിനി ഭാരതകലകളെ വളരെ ഗൌരവത്തോടെയാണ് കാണുന്നത്. ഡോ. ഓഫ് ഫാര്‍മസി വിദ്യാര്‍ഥിനിയായ ടിഫിനി നല്ലൊരു ഗായികയുമാണ്. കര്‍ണാടിക് സംഗീതവും മലയാള സംഗീതവും ഒപ്പം അഭ്യസിച്ചുവരുന്നു. തുടര്‍ന്നും നൃത്താഭ്യാസം തുടരാനാണ് പദ്ധതി.

നൃത്തശാല നാട്യ സ്കൂളില്‍ ഭരതനാട്യവും ഫോക് ഡാന്‍സും ഇപ്പോള്‍ കുട്ടികളെ അഭ്യസിപ്പിക്കുന്ന ടിഫിനി കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ യൂത്ത് ഡയറക്ടറുമാണ്. നൃത്ത കലകളില്‍ മാതാപിതാക്കളുടെ പ്രോത്സാഹനം മറക്കാനാവാത്തതാണെന്ന് ടിഫനി നന്ദിയോടെ സ്മരിച്ചു. അഞ്ജലി സഹോദരിയാണ്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍