മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൌഢഗംഭീരമായി
Saturday, October 4, 2014 8:11 AM IST
ഷിക്കാഗോ: മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 27-ന് വൈകുന്നേരം 5.30 മുതല്‍ ഡസ്പ്ളെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ നടത്തി.

ചെണ്ടമേളങ്ങളുടേയും ആര്‍പ്പുവിളികളുടേയും താലപൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനെ എതിരേറ്റ് ആനയിച്ചു. അതോടൊപ്പം മുഖ്യാതിഥികളേയും സ്വീകരിച്ചു. പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയുടെ സ്വാഗത പ്രസംഗത്തോടുകൂടിയ പൊതുസമ്മേളനത്തില്‍ അദ്ദേഹം ഏവര്‍ക്കും ഓണസന്ദേശം നല്‍കുകയും ഓണാഘോഷത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ ഭാരവാഹികളേയും അഭിനന്ദിക്കുകയും സ്പോണ്‍സര്‍മാര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.

കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍ ഓണാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഭദ്രദീപം തെളിച്ച് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിക്കുകയും ഓണസന്ദേശം നല്‍കുകയും ചെയ്തു. മധുരമായ ഒരു ഗാനാലാപനത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

സീലിയ പാലമലയിലും ആല്‍ബിന്‍ പാലമലയിലും അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. വരുണ്‍ നായര്‍ ഇന്ത്യന്‍ ദേശീയ ഗാനം ഗിറ്റാറിലൂടെ വായിച്ചു. മുന്‍ ഫൊക്കാനാ പ്രസിഡന്റ് മറിയാമ പിള്ള ആശംസകള്‍ അര്‍പ്പിച്ചു.

ഓണപാട്ടുകള്‍, ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങള്‍ എന്നിവ ചടങ്ങിനു കൊഴുപ്പേകി. ഷിബു ഏബ്രഹാം, വിജി നായര്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അസോസിയേഷന്റെ പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ വിവിധ കായിക പരിപാടികളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും നല്‍കി. സ്കൂള്‍ ഡിസ്ട്രിക്ട് 62-ല്‍ നിന്നും ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കി അക്കാഡമിക് എക്സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി വരുണ്‍ നായരേയും പ്രസിഡന്‍ഷ്യല്‍ എക്സലന്‍സ് അവാര്‍ഡ്, ലീഡര്‍ഷിപ്പ് അവാര്‍ഡ്, ട്യൂട്ടര്‍ അവാര്‍ഡ് നേടിയ ആറാം ക്ളാസ് വിദ്യാര്‍ഥി നിതിന്‍ നായരേയും ചടങ്ങില്‍ ആദരിച്ചു.

ജാസ്മിന്‍ പിള്ളയും വരുണ്‍ നായരും എംസിയായിരുന്നു. മറ്റ് വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിള്ള, പീറ്റര്‍ കുളങ്ങര, വര്‍ഗീസ് പാലമലയില്‍, സ്റീഫന്‍ കിഴക്കേക്കുറ്റ്, ബേസല്‍ പെരേര, അജി പിള്ള, സജു നായര്‍, പ്രസാദ് പിള്ള, ജോണ്‍ പാട്ടപ്പതി, സതീശന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി റോയി നെടുംചിറ ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും പ്രത്യേകിച്ച് ഗാനങ്ങള്‍ ആലപിച്ചും നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചും ചടങ്ങിന് കൊഴുപ്പേകിയ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും സ്പോണ്‍സേഴ്സിനും അഭ്യുദയകാംക്ഷികള്‍ക്കും മറ്റ് സൌകര്യങ്ങള്‍ ഒരുക്കിത്തന്നവര്‍ക്കും നന്ദി അറിയിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം