പ്രകൃതിദത്ത ഭക്ഷണങ്ങളൊരുക്കി മണ്‍സൂണിന്റെ വന്യ വിഭവവാരം
Saturday, October 4, 2014 6:47 AM IST
വിയന്ന: 'പ്രകൃതിദത്ത ഭക്ഷണം കഴിക്കുക, ആരോഗ്യം സംരക്ഷിക്കുക' വിയന്നയിലെ മണ്‍സൂണ്‍ റസ്ററന്റ് നല്‍കുന്നത് ഈ സന്ദേശമാണ്. മനുഷ്യന്‍ പ്രകൃതിയോടിണങ്ങി സ്വാഭാവിക ഭക്ഷണം മാത്രം കഴിച്ചിരുന്നപ്പോള്‍ രോഗങ്ങള്‍ അവനെ വേട്ടയാടിയിരുന്നില്ല. എന്നാല്‍ ജീവിത ശൈലി മാറിയപ്പോള്‍ അവന്‍ ശൈലീരോഗങ്ങള്‍ക്കടിമയായി. അത്തരക്കാര്‍ക്ക് വല്ലപ്പോഴുമെങ്കിലും പ്രകൃതിയിലേക്ക് മടങ്ങുവാനും സ്വാഭാവിക ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനും അവസരം ഒരുക്കുകയാണ് മണ്‍സൂണ്‍ റസ്ററന്റ് ഒരുക്കുന്ന വന്യ വിഭവവാരം.

മാന്‍, മ്ളാവ്, കാട്ടുപന്നി കൂടാതെ മുന്തിരിക്കള്ള് എന്നീ വിഭവങ്ങളാണ് വില്‍ഡ് വോഹെയില്‍ ഒരുക്കിയിരിക്കുന്നത്. അനുവദനീയമായ അളവില്‍ വന്യ ജീവികളെ വേട്ടയാടാന്‍ ഓസ്ട്രിയന്‍ നിയമം അനുവദിക്കുന്നുണ്ട്.

മൃഗങ്ങളെ വേട്ടയാടുന്നതിനും അതിന്റെ മാംസം ക്രയവിക്രയം ചെയ്യുന്നതിനും ഇവിടെ പ്രത്യേക നിയമം ഉണ്ട്. അതനുസരിച്ച് കാട്ടുമൃഗങ്ങളുടെ മാംസം പ്രത്യേകം ശീതീകരിച്ച് സൂക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. അതുപോലെ മുന്തിരിയില്‍ നിന്നും വൈന്‍ പാകപ്പെടുത്തുന്നതിന് മുമ്പുള്ള പാനീയമാണ് സ്റൂര്‍മ്. പരമ്പരാഗതമായി ഓസ്ട്രിയക്കാര്‍ ഇത് ഉണ്ടാക്കുകയും തീന്‍ മേശയില്‍ വിളമ്പുകയും ചെയ്യുന്നുണ്ട്.

ഒക്ടോബര്‍ 10, 11, 12 തീയതികളിലാണ് ആദ്യ വില്‍ഡ് വോഹെ. രണ്ടാമത്തേത് 17,18,19 തിയതികളിലും. 12 മുതല്‍ രാത്രി പത്ത് വരെയാണ് സമയക്രമം. മുമ്പ് ഇന്ത്യന്‍ മസാലകളുടെ ചേരുവകളുമായി നടത്തിയ ചതാവരി വാരത്തിന് ഓസ്ട്രിയക്കാരില്‍ നിന്ന് വന്‍ സ്വീകരണമാണ് ലഭിച്ചത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍