യൂറോപ്യന്‍ യൂണിയന്‍ ലോബിയിംഗില്‍ മുന്നില്‍ ജര്‍മന്‍ സ്ഥാപനങ്ങള്‍
Friday, October 3, 2014 8:17 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ ലോബിയിംഗ് നടത്തി, നിര്‍ണായക തീരുമാനങ്ങളെടുക്കുന്നവരെ സ്വാധീനിക്കാന്‍ ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് ജര്‍മന്‍ സ്ഥാപനങ്ങള്‍. മറ്റേതു രാജ്യത്തെക്കാള്‍ കൂടുതല്‍ ലോബിയിംഗ് സ്ഥാപനങ്ങള്‍ രജിസ്റര്‍ ചെയ്തിരിക്കുന്നതും ബെല്‍ജിയത്തില്‍നിന്നും ജര്‍മനിയില്‍നിന്നുമാണ്.

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ അഞ്ചാമത്തെ ലോബിയര്‍ സീമെന്‍സാണ്, ഒമ്പതാമത്തേത് ബേയര്‍ എജിയും. ഇരുകമ്പനികളും ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവ. കഴിഞ്ഞ വര്‍ഷം ഈ കമ്പനികള്‍ യഥാക്രമം 4.35 മില്യന്‍ യൂറോയും 2.76 മില്യന്‍ യൂറോയും ലോബിയിംഗിനായി ചെലവഴിച്ചു.

ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍, എക്സോണ്‍മോബില്‍ പെട്രോളിയം ആന്‍ഡ് കെമിക്കല്‍, മൈക്രോസോഫ്റ്റ്, ഷെല്‍ കമ്പനികള്‍, സീമെന്‍സ്, ജിഡിഎഫ് സൂവസ്, ജനറല്‍ ഇലക്ട്രിക് കമ്പനി, ഹുവേ ടെക്നോളജീസ്, ബേയര്‍, ടെലികോ ഓസ്ട്രിയ ഗ്രൂപ്പ് എന്നിങ്ങനെയാണ് പട്ടികയിലെ റാങ്കിംഗ്. ആകെ 39 മില്യന്‍ യൂറോയാണ് ഈ കമ്പനികളെല്ലാം കൂടി ഒരു വര്‍ഷം ചെലവാക്കുന്നത്.

851 രജിട്രേഡ് ലോബി സ്ഥാപനങ്ങള്‍ ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. ബെല്‍ജിയത്തില്‍ രജിസ്റര്‍ ചെയ്ത കമ്പനികള്‍ ഇതില്‍ കൂടുതലാണെങ്കിലും ഇവ യഥാര്‍ഥത്തില്‍ മറ്റു പല രാജ്യങ്ങളിലെയും സ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രവര്‍ത്തിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസല്‍സില്‍ പ്രവര്‍ത്തിക്കാന്‍ സൌകര്യത്തിനാണ് ഇവ ബെല്‍ജിയത്തില്‍ രജിസ്റര്‍ ചെയ്യുന്നത്.

ഇരുരാജ്യങ്ങളും കുത്തകളാക്കിയ കമ്പനികള്‍ ജോലിക്കായി വിദഗ്ധര്‍ ഏതുരാജ്യക്കാരായാലും രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു എന്ന പോസിറ്റീവ് ഘടകവും ഇത്തരം കമ്പനികളെ പ്രമോട്ടു ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുതയാണ്, പ്രത്യേകിച്ച് ഏഷ്യക്കാര്‍ക്കും അതില്‍ മുന്തിയ പരിഗണന ഇന്ത്യക്കാര്‍ക്കും ലഭിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍