പരിശുദ്ധ ഹജജ് കര്‍മത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
Friday, October 3, 2014 6:09 AM IST
മിന: സര്‍വശക്തനായ നാഥനില്‍ എല്ലാം സമര്‍പ്പിച്ച് അവന്റെ അനുഗ്രഹത്തിനായി ഇരുകൈകളുമുയര്‍ത്തി പ്രാര്‍ഥിച്ചുകൊണ്ട് ഭക്തലക്ഷങ്ങള്‍ ടെന്റുകളുടെ താഴ്വരയായ മിനായിലേക്ക് ഒഴുകിയെത്തിയതോടെ ഈ വര്‍ഷത്തെ പരിശുദ്ധ ഹജജ് കര്‍മ്മങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമായി.

തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല്‍ മിനാ താഴ്വരയിലെ തമ്പുകള്‍ വീണ്ടും ശബ്ദമുഖരിതമായി. മുതവഫുമാര്‍ ഒരുക്കിയ ബസുകളിലും കാല്‍നടയായും വിവിധ ദിക്കുകളില്‍ നിന്നും ഹാജിമാര്‍ കൂട്ടം കൂട്ടമായാണ് മിനായിലെത്തിയത്.

ഇന്ത്യന്‍ ഹാജിമാര്‍ മുഴുവനായും വ്യാഴാഴ്ച പ്രഭാതത്തോടെ തന്നെ മിനായിലെത്തിയിരുന്നു. ഇന്നലെ മുഴുവന്‍ മിനായില്‍ പ്രാര്‍ഥനയില്‍ മുഴുകിയ ഹാജിമാര്‍ ഇന്ന് നടക്കുന്ന അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ്. തിരക്ക് ഒഴിവാക്കുന്നതിനായി ഇന്ത്യന്‍ ഹാജിമാര്‍ വ്യാഴാഴ്ച ഇശാഅ് നമസ്കാരത്തോടെ തന്നെ അറഫാ മൈതാനിയിലേക്കുള്ള പ്രയാണമാരംഭിച്ചു.

സൌദി സര്‍ക്കാര്‍ അവസാനമായി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 13,88,104 തീര്‍ഥാടകരാണ് ഇത്തവണ ഹജജിനെത്തിയിരിക്കുന്നത്. ആഭ്യന്തര ഹാജിമാരടക്കം 25 ലക്ഷത്തിലേറെ പേര്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കും. പഴുതുകളില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഹജജിനായി ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ അറഫാ സംഗമത്തിനുശേഷം തീര്‍ഥാടകര്‍ മുസ്ദലിഫയില്‍ രാപാര്‍ക്കും. ശനിയാഴ്ച നടക്കുന്ന ജംറകളിലെ കല്ലേറിനായി കല്ലുകള്‍ ശേഖരിക്കുന്നത് മുസ്ദലിഫയില്‍ വച്ചാണ്. ഹജ്ജ കര്‍മ്മങ്ങള്‍ക്കായെത്തിയ തീര്‍ഥാടകരുടെ നീക്കങ്ങള്‍ വളരെ സുഗമമായി നടക്കുന്നതായി മിനായിലെ ജനറല്‍ സെക്യൂരിറ്റി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍