സ്വിറ്റ്സര്‍ലന്‍ഡില്‍ കേളി ചാരിറ്റി ഷോ വര്‍ണാഭമായി
Wednesday, October 1, 2014 8:08 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി കുട്ടികള്‍ ഒരുക്കിയ ചാരിറ്റി ഷോ തിങ്ങി നിറഞ്ഞ സദസിന്റെ സാന്നിധ്യത്തില്‍ വര്‍ണാഭമായി. കേളിയുടെ അഭിമാന പ്രോജക്ട് ആയ കിന്റര്‍ ഫോര്‍ കിന്റര്‍ ആണ് വേറിട്ട ചാരിറ്റി ഷോ ഒരുക്കിയത്.

ബോളിവുഡ്, ബ്രേക്ക് ഡാന്‍സ്, ഹിപ് ഹോപ്, ലാറ്റിനോ ഡാന്‍സുകളും കൂടാതെ മ്യൂസിക് സ്റാര്‍ സോഫിയ അക്കര ഗാനവും ആലപിച്ചു.

കലാമേന്മ കൊണ്ടും സംഘടനാപാടവം കൊണ്ടും മികവ് പുലര്‍ത്തിയ സ്റേജ് പ്രോഗ്രാമുകള്‍, രുചികരമായ ഇന്ത്യന്‍ ഭക്ഷണം കൂടാതെ വിവിധ സ്റാളുകളും കുട്ടികള്‍ ഒരുക്കിയിരുന്നു.

ആതിര മ്ളാവില്‍, അഞ്ജു പുളിക്കല്‍ എന്നിവര്‍ ഇട്ടു നല്‍കിയ മൈലാഞ്ചി (ഹെന്ന) കൌതുകമായി. ഹണി ജോയി ഡെക്കറേഷനും ബെന്നി പുളിക്കല്‍ ജോണ്‍ താമരശേരില്‍ എന്നിവര്‍ ഡിന്നറും ഒരുക്കി.

അഞ്ജു മാളിയേക്കല്‍, ജെയിന്‍ ഒവേലില്‍, വീണ മാനികുളം, ക്രിസ്റീന പുത്തന്‍ കളം, സോണിയ മണികുറ്റിയില്‍, സില്‍വിയ പറങ്കിമാലില്‍, ആഷ്ലി പാലത്രകടവില്‍, പ്രിയങ്ക കാട്ടുപാലം, അങ്കിത് പുളിക്കല്‍, ഇസബെല്‍ ചെര്‍പ്പണത്ത്, വിനീത് കൊട്ടാരത്തില്‍ എന്നീ കുട്ടികളുടെ നേതൃത്വത്തിലുള്ള യുവതീ, യുവാക്കള്‍ അടങ്ങിയ ടീം ചാരിറ്റി ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

സോണിയ മണികുറ്റിയിലിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം കുട്ടികള്‍ ഹിപ് ഹോപ് ഡാന്‍സ് അവതരിപ്പിച്ചു, ആതിര മ്ളാവില്‍ മോഹിനിയാട്ടവും ആഷ്ലി പാലത്രകടവില്‍ ടീം, വീണ മാനികുളം, പറങ്കി മാലില്‍ സഹോദരിമാര്‍ ബോളി വുഡ് ഡാന്‍സും അവതരിപ്പിച്ചു. സന്ദീപ് തെങ്ങില്‍ അവതരിപ്പിച്ച വീഡിയോ ഷോയും മികച്ചതായിരുന്നു. ഇസബെല്‍ ചെര്‍പ്പണത്ത് മോഡറേറ്റ് ചെയ്തു. കേളി പ്രസിഡന്റ് ബാബു കാട്ടുപാലം ആശംസ നേര്‍ന്നു. ലൂസി മണികുറ്റി യില്‍ നന്ദി പറഞ്ഞു.

സ്വിസ് മലയാളി കുട്ടികള്‍ ജന്മനാട്ടിലെ ദരിദ്രരായ കുട്ടികളെ വിദ്യാഭ്യാസത്തിനു സഹായിക്കുന്ന പദ്ധതിയാണ് കിന്റര്‍ ഫോര്‍ കിന്റര്‍. 'വിദ്യാഭ്യാസം ഏറ്റവും മൂര്‍ച്ചയേറിയ ആയുധം' എന്ന നെല്‍സണ്‍ മണ്േടലയുടെ വാക്കുകള്‍ മുഖവിലക്ക് എടുത്ത് കുട്ടികള്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ വര്‍ഷവും നാനൂറോളം കുട്ടികളെ സഹായിക്കുകയും കൂടാതെ ദരിദ്രരായ കുട്ടികള്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ ചെയ്തു വരുന്ന കൂട്ടായ്മയാണ് കിന്റര്‍ ഫോര്‍ കിന്റര്‍. കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് കേരളത്തില്‍ 50 ലക്ഷം രൂപയുടെ ധനസഹായമാണ് സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി കുട്ടികള്‍ കുട്ടികള്‍ ചെയ്തത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍