ബോംബു കണ്ടെത്തിയതിനെത്തുടര്‍ന്ന് ബര്‍ലിന്‍ ടേഗല്‍ വിമാനത്താവളം അടച്ചിട്ടു
Wednesday, October 1, 2014 8:02 AM IST
ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ടേഗല്‍ വിമാനത്താവളത്തിനടുത്ത് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബു കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് ബോംബു കണ്ടെത്തിയ വിവരം പരിഭ്രാന്തി പരത്തിയതും വിമാനത്താവളം താത്കാലികമായി അടച്ചതും. വിമാനങ്ങളുടെ ടേക്ക്ഓഫും ലാന്റിംഗും നിര്‍ത്തിവച്ചു.

ആയിരത്തോളം പേരെ ഒഴിപ്പിച്ചു. വിമാനത്താവളത്തിന്റെ നാലു കിലോ മീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.70 കിലോ ഭാരമുള്ള ബോംബാണ് കണ്ടെത്തിയത്. കെട്ടിടസമുച്ചയത്തിനായി മണ്ണു മാറ്റിയപ്പോഴാണ് ബോംബ് അലാറം മുഴങ്ങിയത്. വിദഗ്ധരെത്തി ബോംബ് നിര്‍വീര്യമാക്കിയതിനെത്തുടര്‍ന്ന് വിമാനത്താവളം പിന്നീട് പ്രവര്‍ത്തന നിരതമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍