ജര്‍മനിയില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നത് കുടിയേറ്റക്കാരെന്ന് പഠനറിപ്പോര്‍ട്ട്
Tuesday, September 30, 2014 8:14 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ മുന്നോട്ടു വരുന്നതായും ഇതുവഴി രാജ്യത്ത് കൂടുതല്‍ സംരംഭകത്വ സാധ്യതകളും തൊഴിലവസരങ്ങളും തുറന്നു കിട്ടുന്നതായും പഠനത്തില്‍ വ്യക്തമാകുന്നു. മാന്‍ഹൈ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച്, ജര്‍മനിയിലെ കുടിയേറ്റക്കാരില്‍ ഏഴര ലക്ഷത്തിലേറെ ആളുകള്‍ സ്വയം തൊഴില്‍ തുടങ്ങിയവരാണ്.

കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍, സ്വയംതൊഴില്‍ ചെയ്യുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 178 ശതമാനം വര്‍ധനയാണ് ജര്‍മനിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജര്‍മന്‍കാരില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ച ഇതേ കാലയളവില്‍ വെറും 38 ശതമാനമാണ്.

ഇപ്പോള്‍ രാജ്യത്തെ ആകെ വ്യവസായ സംരംഭകരില്‍ ആറിലൊന്ന് ആളുകള്‍ക്ക് രാജ്യത്തിനു പുറത്ത് വേരുകളുള്ളവരാണ്. ഇതിലേറെയും പോളിഷ് വംശജര്‍. ഇവര്‍ മാത്രം 97,000 വരും. തുര്‍ക്കിക്കാരാണ് പിന്നാലെ, 91,000 പേര്‍. കിഴക്കന്‍ ഏഷ്യക്കാരും ഒട്ടും കുറവല്ല. ഇവര്‍ ഏതാണ്ട് നാല്‍പ്പത് ശതമാനത്തോളം വരും. ഇന്ത്യക്കാരും ഇപ്പോള്‍ അത്ര പിന്നിലല്ല. മുമ്പ് ഇന്ത്യന്‍ വ്യവസായികളുടെ എണ്ണം അംഗുലീപരിമിതമായിരുന്നെങ്കില്‍ രണ്ടായിരത്തിനുശേഷം ഇത്തരക്കാരുടെ എണ്ണത്തില്‍ വ്യക്തമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് ജര്‍മന്‍കാരുടെ പലവ്യവസായങ്ങളും കുടുംബപശ്ചാത്തലത്തില്‍ ഇവ കെട്ടിപ്പെടുക്കുകയും പിന്നീട് മക്കള്‍ മാഹാത്മ്യത്തോടെ വളരുകയും ചെയ്ത സാഹചര്യങ്ങള്‍ മാറി, ഇത്തരം വ്യവസായങ്ങള്‍ നിന്നുപോകുമെന്ന അവസ്ഥയിലേയ്ക്കു തള്ളപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഇവ വില്‍ക്കാന്‍ ബാധ്യസ്ഥരാവുകയും അങ്ങനെയുള്ള ചെറിയതും ഇടത്തരവുമായ വ്യവസായങ്ങള്‍ ഇന്ത്യക്കാര്‍ സ്വന്തമാക്കുകയും ചെയ്യുന്നതു വഴി ഇന്ത്യാക്കാരുടെ വ്യവസായ പാരമ്പര്യം ജര്‍മനിയില്‍ അരക്കിട്ടുറപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

ഇന്ത്യക്കാര്‍ കൂടുതലായി ബവേറിയ സംസ്ഥാനവും അതിന്റെ തലസ്ഥാനമായ മ്യൂണിക്കും തുറമുഖപട്ടണമായ ഹാംബുര്‍ഗും വെസ്റ്ഫാളിയുടെ തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫും ഡോര്‍ട്ട്മുണ്ടും ബാങ്കുകളുടെ നഗരമായ ഫ്രാങ്ക്ഫര്‍ട്ടും വ്യവസായ നഗരമായ ഹാനോവറും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് മറ്റു വിദേശികളേക്കാള്‍ മികച്ച ലാഭത്തിലും കുടുതല്‍ പരിചയസമ്പന്നതയിലുമാണ്. ചെറിയതും വലിയതുമായ കച്ചവട സ്ഥാപനങ്ങളും ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് ശൃംഖലകളും മലയാളികളുടേതായി ജര്‍മനിയില്‍ വേരുറപ്പിച്ചതും ബിസിനസ് രംഗത്തെ പോസിറ്റീവ് എനര്‍ജിയുടെ ഫലമാണ്. ഹോസ്പിറ്റല്‍ മാനേജ്മെന്റ് രംഗത്ത് മലയാളിയുടേതായ വക്തിമുദ്ര പതിപ്പിച്ചവരില്‍ എടുത്തു പറയത്തക്ക വ്യക്തിയാണ് മൂവാറ്റുപുഴ സ്വദേശിയും ജര്‍മനിയിലെ ഷ്വെല്‍മില്‍ താമസിക്കുന്ന ബിസിനസ് മാഗ്നെറ്റുമായ ജോളി തടത്തില്‍.

വിദേശത്തുനിന്നെത്തി ജര്‍മനിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നവര്‍ രാജ്യത്ത് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണം 2.2 മില്യനാണെന്നും പഠനത്തില്‍ വ്യക്തമാകുന്നു. വിദേശികള്‍ ജര്‍മനിയില്‍ വന്നാല്‍ പൊതുവേ സ്വയം തൊഴിലെന്നു പറഞ്ഞ് തുടങ്ങുന്നത് കടകളോ കച്ചവടമോ മാത്രമാണെന്ന പൊതുധാരണയും പഠനത്തില്‍ തിരുത്തിയെഴുതുന്നു.

കുടിയേറ്റക്കാരില്‍ നാലിലൊന്നും നടത്തുന്നത് വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള നോളജ് ഇന്റെന്‍സീവ് സര്‍വീസുകളാണ്. എന്‍ജിനിയര്‍മാരും ആര്‍ക്കിടെക്റ്റുകളും എന്റര്‍പ്രെറ്റര്‍മാരും മാധ്യമ വിദഗ്ധരും അടക്കമുള്ളവര്‍ക്ക് ഇവിടെ ജോലികള്‍ കിട്ടുന്നു. ജര്‍മനിയിലെ വിദേശികളുടെ വ്യവസായങ്ങളില്‍ മൂന്നിലൊന്നും പെടുന്നത് ഹോസ്പിറ്റാലിറ്റി, വാണിജ്യം എന്നീ മേഖലകളിലാണെന്നും വ്യക്തം.

അടുത്തിടയായി ജര്‍മനിയില്‍ പുതിയ കമ്പനികള്‍ ആരംഭിക്കുന്നത് ഇതര രാജ്യക്കാരാണ് പുതിയ കമ്പനികളുടെ പട്ടികയില്‍ ഏതാണ്ട് നാല്‍പതു ശതമാനം ഉടമസ്ഥരും ജര്‍മന്‍കാരല്ലെന്നുള്ള സത്യവും ജര്‍മന്‍ തിങ്ക് ടാങ്ക് ഇന്‍സ്റിറ്റ്യൂട്ടിന്റെ(ഐഎഫ്എം) പഠനത്തില്‍ വെളിപ്പെടുത്തുന്നു.

ജര്‍മനിയിലെ വ്യവസായ, ബിസിനസ് മേഖല കഴിഞ്ഞ പതിറ്റാണ്ടുകളെ വച്ച് ഇപ്പോള്‍ താരതമ്യം ചെയ്യുമ്പോള്‍ അനുകൂലമായ സൌഹൃദമായ പരിസ്ഥിതികളും മറ്റു സപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഏറെ ലഭിക്കുന്നതും പുതിയ സംരംഭകര്‍ക്ക് പ്രതീക്ഷയും ഒപ്പം അവരുടെ പ്രവര്‍ത്തികള്‍ക്ക് ആക്കവും കൂട്ടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍