ഹോളി ഏയ്ഞ്ചല്‍സ് മലയാളി സമാജം ഓണാഘോഷം നടത്തി
Tuesday, September 30, 2014 8:12 AM IST
സാഹിബാബാദ് (ന്യൂഡല്‍ഹി): ഷാലിമാര്‍ ഗാര്‍ഡന്‍ രാജേന്ദ്ര നഗര്‍ ഹോളി ഏയ്ഞ്ചല്‍സ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 28ന് (ഞായര്‍) ഹോളി ഏയ്ഞ്ചല്‍സ് സ്കൂളില്‍ അതിവിപുലമായ രീതിയില്‍ നടത്തി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാ, കായിക മല്‍സരങ്ങള്‍ കേരള തന്മയത്വത്തോടെ നടത്തി. കസേരകളി, ബിസ്ക്കറ്റ് കടി, കലം തല്ലി പൊട്ടിക്കല്‍, മിട്ടായി പെറുക്കല്‍, വടം വലി, സൂചിയും നൂലും കോര്‍ക്കല്‍, നാരങ്ങയും സ്പൂണും തുടങ്ങി വിവിധയിനം കായിക മല്‍സരങ്ങളും പാട്ട്, തിരുവാതിരകളി തുടങ്ങിയ കലാ മല്‍സരങ്ങളും നടത്തി.
മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് ഫാ. ജോബന്‍, ഫാ.ബിനോയ്, ഫാ. ജോണ്‍ പോള്‍, ഫാ.സൈമണ്‍ കോട്ടൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് സമാജത്തിന്റെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടത്തി. സഹ രക്ഷാധികാരി ഫാ.ജോബന്‍ മാത്യു, എബി വര്‍ഗീസ് (പ്രസിഡന്റ്), മേഴ്സി ഫ്രാന്‍സിസ് (വൈസ് പ്രസിഡന്റ്), നിജോ ജോസഫ് (സെക്രട്ടറി), സാറാമ്മ മാനുവല്‍ (ജോ. സെക്രട്ടറി), വി.എം. ജോസഫ് (ഖജാന്‍ജി) എന്നിവരാണ് ഭാരവാഹികള്‍. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്