മാര്‍ ജോസ് പുത്തന്‍വീട്ടിലിന് ഊഴ്മള സ്വീകരണം നല്‍കി
Tuesday, September 30, 2014 5:40 AM IST
വിയന്ന: യുറോപ്പ് സന്ദര്‍ശനത്തിനെത്തിയ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന് ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹം (ഐസിസി) സ്വീകരണം നല്‍കി.

വിയന്നയിലെ സ്റഡ്ലൌ ദേവാലയത്തില്‍ ഐസിസി വിയന്നയുടെ ചാപ്ളൈയിന്‍ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളിയും സെക്രട്ടറി സ്റിഫന്‍ ചെവ്വോക്കാരനും ചേര്‍ന്ന് ബൊക്കെ നല്‍കി സ്വീകരിച്ചു.

ഫാ. തോമസ് താണ്ടപ്പിള്ളി ബിഷപ്പിനെ മലയാളി കത്തോലിക്ക സമൂഹത്തിന് പരിചയപ്പെടുത്തി. കേരള കത്തോലിക്ക സഭയിലെ തിളങ്ങുന്ന വ്യക്തിത്വത്തിനു ഉടമയാണ് ബിഷപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഐസിസി സമൂഹത്തോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനമധ്യേ പോള്‍ എടാട്ടുകാരന്‍ ബിഷപ്പില്‍ നിന്നും സ്ഥൈര്യലേപന കുദാശ സ്വീകരിച്ചു. ഫാ. തോമസ് താണ്ടപ്പിള്ളി, ഫാ. തോമസ് പ്രശോഭ്, ഫാ. തോമസ് കൊച്ചുചിറ, ഫാ. ഡേവിസ് കളപുരയ്ക്കല്‍, ഫാ. ജിജോ വാകപറമ്പില്‍, ഫാ. ഷൈജു, ഫാ. ലൂയിസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. സെക്രട്ടറി സ്റീഫന്‍ ചെവ്വൂക്കാരാന്‍ നന്ദി അറിയിച്ചു.

ബിഷപ്പിന്റെ വിയന്ന സന്ദര്‍ശനത്തിനിടയില്‍ ഐസിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈരളി നികേതന്‍ സ്കൂള്‍ സ്വന്തമായി പുറത്തിറക്കിയ മലയാളം പാഠാവലി അദ്ദേഹം പ്രകാശനം ചെയ്തു. മലയാള ഭാഷാപഠനം തലമുറകള്‍ തമ്മിലുള്ള അകലം കുറയ്ക്കാനും വിശ്വാസ കാര്യങ്ങള്‍ ആഴത്തില്‍ സംഗ്രഹിക്കാന്‍ കുട്ടികളെ സഹായിക്കുമെന്നും മലയാള സംസ്കാരത്തിലേയ്ക്കുള്ള വാതിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോബി ആന്റണി