കാഷ്മീര്‍ പ്രളയ ദുരിതം; സഹായഹസ്തവുമായി എംഇഎസ് റിയാദ്
Tuesday, September 30, 2014 5:34 AM IST
റിയാദ:് പൊടുന്നനെ വന്ന പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ട കാഷ്മീരി ജനതക്ക് ആശ്വാസത്തിന്റെ സഹായഹസ്തവുമായി എംഇഎസ് റിയാദ് ഘടകം. കാഷ്മീരി ജനതക്ക് പുനരധിവാസത്തിനായി സാമ്പത്തിക സഹായവും വൈദ്യസഹായവും ഉടനടി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ എംഇഎസ് റിയാദ് ഘടകം തുടങ്ങിയതായി പ്രസിഡന്റ് പി.വി അജ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിയാദില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഓള്‍ഡ് സ്റുഡന്റ്സ് അസോസിയേഷനുമായി (അമൂബ) സഹകരിച്ചാണ് എംഇഎസ് റിയാദ് ദുരിതാശ്വാസ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. പൂര്‍വസ്ഥിതിയിലെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്ന ഭീകരമായ ദുരന്തത്തിനാണ് കാഷ്മീര്‍ താഴ്വര സാക്ഷ്യം വഹിച്ചത്. കൊടും തണുപ്പിലേക്ക് നീങ്ങുന്ന കാഷ്മീരില്‍ അമൂബ വിവിധ രീതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. പുതപ്പുകളും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാഥികള്‍ തടയാനുള്ള വൈദ്യസഹായവും ഉടനടി എത്തിക്കാനാണ് എംഇഎസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കുറഞ്ഞ വിലക്ക് ലഭിക്കുന്ന പുതപ്പുകള്‍ ശേഖരിച്ച് കാഷ്മീരില്‍ വിതരണം ചെയ്യും. ഇതിനായി റിയാദിലെ മറ്റ് സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ സഹായവും എംഇഎസ് അഭ്യര്‍ഥിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുന്നതിന് എംഇഎസ് പ്രവര്‍ത്തകരായ സൈനുലാബ്ദീന്‍ (0552245959), മുഹമ്മദ് താന്നിക്കല്‍ (0502228238), അബ്ദുള്‍ ജബാര്‍ (0505263259), ഐ.പി ഉസ്മാന്‍ കോയ (0550758899), അജ്മല്‍ പി.വി (0506435861) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. എംഇഎസ് സ്പെഷല്‍ പ്രോജക്ട് പ്രതിനിധി ഹുസൈന്‍ അലി, ജനറല്‍ സെക്രട്ടറി സൈനുലാബ്ദീന്‍, വിദ്യാഭ്യാസ കണ്‍വീനര്‍ അബ്ദുള്‍ ജബാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍