ജര്‍മനിയിലെ അഭയാര്‍ഥി കേന്ദ്രത്തിലെ പീഡനം ; പോലീസ് അന്വേഷണം തുടങ്ങി
Monday, September 29, 2014 8:21 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ അഭയാര്‍ഥി കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭയാര്‍ഥികളെ പീഡിപ്പിക്കുന്ന ചിത്രവും വീഡിയോയും പുറത്തായതോടെ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പോലീസ് ഉത്തരവായി.

മധ്യജര്‍മനി സംസ്ഥാനമായ നോര്‍ത്ത്റൈന്‍ വെസ്റ്ഫാളിയയിലെ സീഗന്‍ നഗരത്തിനടുത്തുള്ള ബുര്‍ബാഹ് അഭയാര്‍ഥി കേന്ദ്രത്തില്‍ നിന്നുള്ള പീഡനത്തിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

ക്യാമ്പില്‍ വസിക്കുന്ന ഇരുപതുകാരനായ അള്‍ജീറിയന്‍ അഭയാര്‍ഥിയുടെ കൈകള്‍ രണ്ടും പുറകില്‍ കെട്ടി തറയില്‍ കിടത്തി രണ്ടു ഉദ്യോഗസ്ഥരില്‍ ഒരാള്‍ യുവാവിന്റെ കഴുത്തില്‍ ചവിട്ടിപിടിച്ചു നില്‍ക്കുന്ന ചിത്രവും വീഡിയോയില്‍ ശര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ കഴിപ്പിക്കുന്ന ദൃശ്യവുമാണ് പോലീസ്തന്നെ മാധ്യമലോകത്തിന് നല്‍കിയിരിക്കുന്നത്.

അമേരിക്കയിലെ ഗ്വാണ്ടനാമോ തടവറയില്‍ നടന്ന രംഗങ്ങളുടെ അതേ പകര്‍പ്പുപോലെയാണ് ഈ അഭയാര്‍ഥി കേന്ദത്തില്‍ നിന്നുള്ള ഫോട്ടോകളുമെന്നാണ് ഹാഗന്‍ നഗരത്തിലെ പോലീസ് മേധാവി പറഞ്ഞത്. വെസ്റ് ഡോയ്റ്റ്ഷെ ആല്‍ഗെമയിനി സൈറ്റ്യൂംഗാണ് (വെസ്റ് ജര്‍മന്‍ ജനറല്‍ ന്യൂസ്പേപ്പര്‍) ഇക്കാര്യം വെളിപ്പടുത്തിയത്. അഭയാര്‍ഥി കേന്ദ്രത്തിലെ മറ്റൊരു അഭയാര്‍ഥി രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തായത്.

ഈയടുത്ത നാളുകളില്‍ ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. മിക്ക അഭയാര്‍ഥി കേന്ദ്രങ്ങളും സൌകര്യത്തില്‍ കവിഞ്ഞുള്ള ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം അഭയാര്‍ഥി കേന്ദ്രങ്ങളില്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരെയാണ് ചുമതലകള്‍ നല്‍കി മേല്‍നോട്ടത്തിനിടുന്നത്. ഇവിടെയും ഇത്തരക്കാരാണ് പ്രവര്‍ത്തിക്കുന്നതെന്നു ആര്‍ണ്‍സ്ബര്‍ഗ് ആസ്ഥാനമായുള്ള അധികാരികള്‍ പറയുന്നു.

ഇതിനിടെ അഭയാര്‍ഥികളെ പീഡിപ്പിച്ചവരെ വേണ്ടവിധത്തില്‍ ശിക്ഷിക്കണമെന്ന ആവശ്യവുമായി ജില്ലാ പോലീസ് സൂപ്രണ്ടും അഭയാര്‍ഥികളെ സംരക്ഷിക്കാനുള്ള ഏഴിന അടിയന്തര പരിപാടിയുമായി ജില്ലാ പോലീസ് നേതൃത്വവും രംഗത്തു വന്നിട്ടുണ്ട്. ജര്‍മന്‍ പോലീസ് യൂണിയനും സംഭവത്തെ അപലപിച്ചു കഴിഞ്ഞു.സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ മുന്‍ ക്രിമിനല്‍ പശ്ചാത്തലം കൂടി അന്വേഷിച്ചിട്ടുവേണം അഭയാര്‍ഥി കേന്ദ്രങ്ങളില്‍ നിയമനം നടത്തേണ്ടതെന്നും യൂണിയന്‍ അഭ്യര്‍ഥിച്ചു.

എഴുനൂറോളം പേര്‍ അധിവസിക്കുന്ന അഭയാര്‍ഥി ക്യാമ്പിലെ നൂറോളം പേരെ പോലീസ് ഇതിനോടകം ചോദ്യംചെയ്തു കഴിഞ്ഞു. അഭയാര്‍ഥികള്‍ക്കു നേരെയുള്ള പീഡനം വെച്ചുപൊറുപ്പിക്കില്ലെന്ന് വെസ്റ് ഫാളിയ ആഭ്യന്തരമന്ത്രി റാല്‍ഫ് ജേഗര്‍ വ്യക്തമാക്കി. സംഭവത്തിനെതിരെ ജര്‍മനി വ്യാപകമായി കടുത്ത വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞ സാഹചര്യത്തില്‍ ആരോപണ വിധേയരായ നാലു ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്യുകയും കേസിന്റെ അന്വേഷണം പ്രോസിക്യൂട്ടര്‍വഴി ആരംഭിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍