കൈരളി നികേതന്റെ പാഠപുസ്തകം മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പ്രകാശനം ചെയ്തു
Monday, September 29, 2014 6:21 AM IST
വിയന്ന: ഓസ്ട്രിയയിലെ മലയാളികളുടെ പാഠശാലയായ കൈരളി നികേതന്‍ സ്കൂള്‍ സ്വന്തം പേരില്‍ പുറത്തിറക്കിയ പാഠപുസ്തകം മാര്‍ ജോസ് പുത്തന്‍വീട്ടില്‍ വിയന്നയില്‍ പ്രകാശനം ചെയ്തു.

സ്കൂളിന്റെ ലോഗോയും വിവരങ്ങളും നല്‍കി കേരളത്തില്‍ നിന്നും പ്രിന്റ് ചെയ്ത് വരുത്തിച്ച പുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഐസിസി വിയന്നയുടെ അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോയി പ്ളാതോട്ടത്തില്‍, മാര്‍ പുത്തന്‍വീട്ടിലില്‍നിന്നും ഏറ്റുവാങ്ങി.

പ്രകാശന ചടങ്ങില്‍ സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ എറണാകേരില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മാര്‍ പുത്തന്‍വീട്ടിലിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. മുഖ്യാഥിതിയായി എത്തിയ ബിഷപ് പുത്തന്‍വീട്ടില്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെയും വിദേശമലയാളികള്‍ പുതുതലമുറയെ മലയാളം പഠിപ്പിക്കാന്‍ കാണിക്കുന്ന താത്പര്യത്തെയും പ്രശംസിച്ചു. തലമുറകള്‍ തമ്മിലുള്ള അകലം കുറയുന്നതിന് മാതൃഭാഷ ഏറെ സഹായിക്കുമെന്നും മലയാളികളുടെ പാരമ്പര്യത്തിലേയ്ക്കും സംസ്കാരത്തിലേയ്ക്കുമുള്ള വാതിലാണ് മലയാള ഭാഷയെന്നും മാര്‍ പുത്തന്‍വീട്ടില്‍ പ്രസ്താവിച്ചു. ചടങ്ങില്‍ ഐസിസി വിയന്നയുടെ ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാലയില്‍ ആശംസകള്‍ അറിയിച്ചു. ജോമി സ്രാമ്പിക്കല്‍ നന്ദി അറിയിച്ചു. കുട്ടികള്‍ പാടിയ ഭാരതത്തിന്റെ ദേശിയഗാനത്തോടെ സമ്മേളനം സമാപിച്ചു.

മലയാളം പാഠാവലി എന്ന പേര് നല്‍കിയിരിക്കുന്ന പാഠപുസ്തകം കൈരളി നികേതന് തനതായ വ്യക്തിത്വം നല്‍കുകയും സ്കൂളിന്റെ സ്വീകാര്യതയും നിലവാരവും ഉയര്‍ത്തുന്നതിന് സഹായിക്കുമെന്നും സ്കൂളിലെ അധ്യാപകര്‍ അഭിപ്രായപ്പെട്ടു. ചിത്രകലാധ്യാപകന്‍ ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ നേതൃത്വം നല്‍കുന്ന കാലിഗ്രഫി (എഴുത്തുകല) ക്ളാസുകള്‍ ഈ വര്‍ഷം മുതല്‍ പുതുതായി തുടങ്ങിയട്ടുണ്ട്. മലയാളം ക്ളാസുകള്‍ക്ക് പുറമേ, ചിത്ര രചന, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ ഇനങ്ങളും സകൂളില്‍ പഠിപ്പിക്കുന്നുണ്ട്.

എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ അഞ്ചുവരെ വിയന്നയിലെ നിയമസഭാ മന്ദിരത്തോട് ചേര്‍ന്നുള്ള എബെന്‍ഡോര്‍ഫര്‍ സ്ട്രാസെ എട്ടിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളില്‍ ചേര്‍ന്ന് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കാനും താത്പര്യമുള്ളവര്‍ക്ക് ഐസിസി വിയന്നയുടെ വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

വിശദ വിവരങ്ങള്‍ ഐ സി സിയുടെ വെബ്സൈറ്റില്‍ നല്‍കിയട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ഫോറവും ഫീസും നല്‍കേണ്ട അവസാന ദിവസം ഒക്ടോബര്‍ അഞ്ച് (ശനി) ആണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി