കാന്‍ബറയില്‍ കന്യാമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഒക്ടോബര്‍ മൂന്ന്, നാല് അഞ്ച് തീയതികളില്‍
Monday, September 29, 2014 6:19 AM IST
കാന്‍ബറ: ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാ മറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഒക്ടോബര്‍ മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുന്നു.

തിരുനാളിനു മുന്നോടിയായി ഒമ്പത് ആഴ്ച്ചകളിലായി നടന്നുവന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന ആഘോഷമായ സീറോ മലങ്കര കുര്‍ബാനയോടെ സമാപിച്ചു. സീറോ മലങ്കര സഭ ഓസ്ട്രേലിയന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്റെ (അഡ്ലൈഡ്) മുഖ്യകാര്‍മികതത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോഷി തെക്കിനേടത്ത് സഹകാര്‍മികത്വം വഹിച്ചു. വികാരി ഫാ. വര്‍ഗീസ് വാവോലി നോവേനക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

നാലിന് (വെള്ളി) വൈകുന്നേരം ആറിന് യാരലുംല സെന്റ്സ് പീറ്റര്‍ ചന്നെല്‍സ് പള്ളിയില്‍ തിരുനാളിന് തുടക്കമായി വികാരി ഫാ. വര്‍ഗീസ് വാവോലി തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്നു നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് ഫാ. ടോമി പട്ടുമാക്കില്‍ കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കും.

അഞ്ചിന് (ശനി) ഇടവക ദിനമായി ആഘോഷിക്കും. കാന്‍ബറ സിറ്റിയിലെ ബ്രാട്ടെന്‍ മെറിചി കോളജില്‍ ആണ് ഇടവക ദിനാഘോഷ പരിപാടികള്‍. രാവിലെ 8.30 ന് വി.കുര്‍ബാന, ഒമ്പതു മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാ, കായിക മത്സരങ്ങള്‍, വടംവലി മത്സരം, വൈകുന്നേരം അഞ്ചുമുതല്‍ വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ നടക്കും.

പ്രധാന തിരുനാള്‍ ദിനമായ ഞായര്‍ വൈകുന്നേരം ഉച്ചകഴിഞ്ഞ് 3.15 ന് ചെണ്ടമേളം, 3.30ന് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.

തിരുനാള്‍ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഓസ്ട്രലിയയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന വൈദികര്‍ തിരുനാള്‍ കര്‍മങ്ങളില്‍ സഹകാര്‍മികരാകും. തനി സുറിയാനി കത്തോലിക്കാ രീതിയില്‍ കേരളീയ തനിമ പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടു തിരു സ്വരൂപങ്ങളും മുത്തുക്കുടകളും പൊന്‍,വെള്ളി കുരിശുകളും കൊടിതോരണങ്ങളും വാദ്യഘോഷങ്ങളും ആയി നടക്കുന്ന പ്രദക്ഷിണം തിരുനാളിന്റെ പ്രത്യേകതയാണ്. കാന്‍ബറയിലെ മലയാളി വൈദികരായ ഫാ. ജെയിംസ് ടി. ആന്റണി സിഎംഐ, ഫാ.ജോഷി തെക്കിനേടത്ത്, ഫാ. ജോസഫ് പുന്നക്കുന്നേല്‍, ഫാ. സിജോ തെക്കെകുന്നേല്‍, ഫാ. ബോണി ഏബ്രഹാം എന്നിവര്‍ തിരുനാള്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി വികാരി ഫാ. വര്‍ഗീസ് വാവോലിയുടെ നേതൃത്വത്തില്‍ 26 അംഗ കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍